സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുത്; സമരരംഗത്തിറങ്ങാനും തയ്യാറെന്ന് സ്വാതന്ത്ര്യസമര സേനാനി ചെറുവണ്ണൂര്‍ വാസു

Update: 2021-09-01 07:57 GMT

മലപ്പുറം: കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചും സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കല്‍ തുടര്‍ന്നാല്‍ പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് കേരളത്തിലെ സ്വാതന്ത്ര്യ സമരസേനാനികള്‍ സമരംഗത്ത് ഇറങ്ങുമെന്ന് 99കാരനായ സ്വാതന്ത്ര്യസമര സേനാനി ചെറുവണ്ണൂര്‍ വാസു പറഞ്ഞു. വാരിയംകുന്നത്ത് ഫൗണ്ടേഷന്‍ സ്വാതന്ത്ര്യസമര സേനാനികളെ ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമത്തിനെതിരെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഹ്‌റുവും വാരിയന്‍ കുന്നത്ത് ഹാജിയും ആലി മുസ്‌ലിയാരും സ്വാതന്ത്ര്യ സമരസേനാനികളല്ലെന്ന് പറയുന്നവര്‍ സ്വാതന്ത്ര്യസമര ചരിത്രം മനസിരുത്തി വായിക്കണം. ജയിലില്‍ കിടന്ന് മാപ്പെഴുതി പുറത്തിറങ്ങിയ വീര സവര്‍ക്കറും കൂട്ടാളികളും സ്വാതന്ത്ര്യസമര സേനാനികളാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ സ്വരാജിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. 1921ല്‍ വാരിയന്‍ കുന്നത്തിന്റെ നേതൃത്വത്തില്‍ മലബാറില്‍ നടന്നത് ഇംഗ്ലീഷ് പട്ടാളവുമായുള്ള മുഖാമുഖ പോരാട്ടമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ രക്തസാക്ഷികളായതും ഈ സമരത്തില്‍ തന്നെയാണ്. കോണ്‍ഗ്രസ്സ് ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളികളെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും നീക്കാനുള്ള ഫാഷിസ്റ്റ് നീക്കങ്ങളെ ദേശസ്‌നേഹികള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അലവി കക്കാടന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്, വാരിയന്‍ കുന്നത്ത് ഹാജിയുടെ പ്രപൗത്രന്‍ വാരിയന്‍ കുന്നന്‍ ഹംസ, കെ.പി.എസ് ആബിദ് തങ്ങള്‍, മുതിര്‍ന്ന പത്ര പ്രവര്‍ത്തകരായ പാലോളി കുഞ്ഞിമുഹമ്മദ്, കെ.പി.ഒ റഹ്മത്തുല്ല, ഡോ. പി കെ നൗഷാദ്, ഹസൈനാര്‍ ആല്‍പറമ്പ, ചുക്കാന്‍ ചെറിയ ബിച്ചു, സമദ് ചേറൂര്‍, ടി പി വിജയന്‍, ഷബീര്‍ മുല്ലവീട്ടില്‍, ഉണ്ണി മലപ്പുറം, മുഹമ്മദ് ഷാജി, പ്രമേഷ് പുളിക്കല്‍, അബ്ദു സലാം കോട്ടപ്പുറം, ഫഹദ് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News