ജാഗ്രത കൈവിടരുത്, സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണം കാര്യക്ഷമമാക്കണമെന്ന് കേന്ദ്രം

Update: 2022-06-09 16:09 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. കൊവിഡിനെതിരേയുള്ള ജാഗ്രതയില്‍ ഒട്ടും കുറവ് വരരുതെന്നും കൊവിഡ് സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കൊവിഡ് 19 രാജ്യത്തെ പല സംസ്ഥാനങ്ങളിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രോഗം നേരത്തെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കണം. വ്യാപകം കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. രോഗബാധ പുതുതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം- സംസ്ഥാനങ്ങള്‍ക്കുള്ള കത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു.

വിദേശത്തുനിന്നെത്തുന്നവരുടെ സാംപിളുകളില്‍ ജീനോം സീക്വന്‍സിങ് നടത്തി പരിശോധനാഫലം നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റ്, ട്രാക്, ട്രീറ്റ്, വാക്‌സിന്‍, കൊവിഡ് രോഗബാധ വ്യാപിക്കാതിരിക്കാനാശ്യമായ പെരുമാറ്റരീതി എന്നിവ തുടരണമെന്നും നിര്‍ദേശമുണ്ട്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7240 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 81 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളം, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വേഗത്തിലാണ് നടക്കുന്നത്.