ബെംഗളൂരു : പ്രോട്ടീന്റെ ഉറവിടമായ മുട്ട പലര്‍ക്കും ഇഷ്ടമാണ്. മാംസാഹാരികള്‍ മാത്രമല്ല, ചില സസ്യാഹാരികളും മുട്ട കഴിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മുട്ടപ്രേമികള്‍ ഞെട്ടുന്ന വാര്‍ത്ത വന്നിരിക്കുകയാണ്. മുട്ടയില്‍ കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നന്നതോടെയാണ് മുട്ട ചര്‍ച്ചാവിഷയമായത്.
'ഒരു ജനപ്രിയ ബ്രാന്‍ഡ് വില്‍ക്കുന്ന മുട്ടകളില്‍ അര്‍ബുദത്തിനു കാരണമായ ഒരു പദാര്‍ത്ഥം കണ്ടെത്തിയിട്ടുണ്ട്. ഡിഎന്‍എ മുതല്‍ പ്രത്യുത്പാദന അവയവങ്ങള്‍, രോഗപ്രതിരോധ സംവിധാനങ്ങള്‍ വരെ തകരാറിലാക്കുന്ന നൈട്രോഫ്യൂറാന്‍ എന്ന മരുന്നിന്റെ കണികകള്‍ മുട്ടകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കാന്‍സര്‍ പോലുള്ള അപകടകരമായ രോഗങ്ങള്‍ക്കും കാരണമാകും' എന്നായിരുന്നു വാര്‍ത്ത. കര്‍ണാടകയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
എന്നാല്‍, മുന്‍ പരിശോധനകളില്‍ മുട്ടകളില്‍ ദോഷകരമായ ഘടകങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി. മുട്ടകള്‍ സുരക്ഷിതമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചു. എന്നിരുന്നാലും, ഈ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തുടനീളമുള്ള മുട്ടകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ സമഗ്രമായ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിശോധനയില്‍ അര്‍ബുദത്തിനു കാരണമായ ഘടകങ്ങള്‍ കണ്ടെത്തിയാല്‍ മുട്ട ഉല്‍പാദകര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
