ഡി ലിറ്റ് വിവാദം ഇപ്പോഴുയര്‍ത്തുന്നത് ശ്രദ്ധതിരിക്കാന്‍; രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തെങ്കില്‍ തെറ്റെന്നും വിഡി സതീശന്‍
ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സര്‍വ്വകലാശാല പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിത്.
തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സര്‍വ്വകലാശാല പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിത്. ഇൗ വിഷയം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ കേരള വിസിക്കുള്ള ചാന്‍സലറുടെ ശുപാര്‍ശ സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിച്ചുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
എന്നാല്‍, ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചു. ഇത് ഇടതുപക്ഷ സര്‍ക്കാരല്ലെന്നും വലതുപക്ഷ ആഭിമുഖ്യമാണ് സര്‍ക്കാരിനെന്നും സതീശന്‍ പറഞ്ഞു.
മദ്യവുമായി പോയ വിദേശ പൗരനെ പോലിസ് തടഞ്ഞ സംഭവത്തിലും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രൂക്ഷ വിമര്‍ശനം നടത്തി. ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലയിലാണ് പൊലീസെന്നും പൊലീസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞയാഴ്ച സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് 23നായിരുന്നു പരിപാടി. രാവിലെ പി എന്‍ പണിക്കര്‍ പ്രതിമ അനാച്ഛാദനം മാത്രമായിരുന്നു ഔദ്യോഗിക ചടങ്ങ്. ഈ ദിവസം ഡി ലിറ്റ് നല്‍കാനായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ എന്നാണ് നേരത്തെ വന്ന സൂചനകള്‍.
സാധാരണ നിലയില്‍ ഓണററി ഡി ലിറ്റ് നല്‍കേണ്ടവരുടെ പേര് സിന്റിക്കേറ്റ് യോഗത്തില്‍ വിസിയാണ് നിര്‍ദ്ദേശിക്കുന്നത്. ചാന്‍സലര്‍ ശുപാര്‍ശ ചെയ്‌തെങ്കില്‍ അതും പറയാം. സിന്റിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവര്‍ണറുടെ അനുമതിയോടെയാണ് ഡി ലിറ്റ് നല്‍കാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് തടഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍, രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
