'ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രത്യേക രാജ്യം'; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഡികെ സുരേഷ്

പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തിയതോടെയാണ് സുരേഷിന്റെ വിശദീകരണം.

Update: 2024-02-02 07:13 GMT

ബെംഗളൂരു: 'ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രത്യേക രാജ്യം' എന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപിയും ഡികെ ശിവകുമാറിന്റെ സഹോദരനുമായ ഡി കെ സുരേഷ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വിതരണത്തിലെ അനീതി ശ്രദ്ധയില്‍പ്പെടുത്താന്‍ മാത്രമാണ് താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് സുരേഷ് പറഞ്ഞു. പരാമര്‍ശത്തിനെതിരേ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തിയതോടെയാണ് സുരേഷിന്റെ വിശദീകരണം. ജിഎസ്ടി സംഭാവന ചെയ്യുന്ന രണ്ടാമത്തെ വലിയ സംസ്ഥാനമായിട്ടും കേന്ദ്രം കര്‍ണാടകത്തോടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടും അനീതിയാണ് കാണിക്കുന്നത്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് 51 ശതമാനം വര്‍ധനവ് നല്‍കി. അതിനാല്‍ തന്നെ ഇത് അനീതിയല്ലെങ്കില്‍ മറ്റെന്താണെന്നും സുരേഷ് ചോദിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ആവശ്യമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും വരള്‍ച്ച ദുരിതാശ്വാസത്തിനും ഫണ്ട് അനുവദിക്കണമെന്ന് ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ക്ക് ശേഷവും കേന്ദ്രത്തിന്റെ അവഗണന തുടരുകയാണ്. ഇന്ത്യക്കാരനും കോണ്‍ഗ്രസുകാരനും എന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുമെന്നും കര്‍ണാടകയോടുള്ള അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്നത് തുടരുമെന്നും ഡികെ സുരേഷ് എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലൂടെ കൂട്ടിച്ചേര്‍ത്തു.

    ദക്ഷിണേന്ത്യക്കാരുടെ പ്രശ്‌നങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍, ദക്ഷിണേന്ത്യക്കാര്‍ക്കായി പ്രത്യേക രാജ്യം ആവശ്യപ്പെടുമെന്നാണ് കഴിഞ്ഞദിവസം സുരേഷ് പറഞ്ഞത്. ദക്ഷിണേന്ത്യന്‍ പണം കേന്ദ്രസര്‍ക്കാര്‍ ഉത്തരേന്ത്യക്ക് നല്‍കുകയാണ്. കേന്ദ്രം എല്ലാ കാര്യങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണ്. നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത് തിരഞ്ഞെടുപ്പ് ബജറ്റാണെന്നും അതില്‍ പുതുമയില്ലെന്നും സുരേഷ് പ്രതികരിച്ചത് വിവാദമായിരുന്നു.

Tags:    

Similar News