തനിക്കും മുഖ്യമന്ത്രിക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്ന് ഡി കെ ശിവകുമാര്‍
ബെംഗളൂരു: സംസ്ഥാനത്ത് മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരാട്ടം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ലെന്ന വാദവുമായി ഡി കെ ശിവകുമാര്‍. ഇതില്‍ എന്താണ് പരിഹരിക്കാനുള്ളതെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ചോദിച്ചു.
നഗരത്തിലെ ഇന്നത്തെ നേതൃമാറ്റത്തെക്കുറിച്ച് ഹൈക്കമാന്‍ഡ് ഒരു ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടില്ല. പ്രാദേശിക തലത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും പ്രാദേശിക നേതാക്കള്‍ അത് പരിഹരിക്കണമെന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട്, പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളൊന്നുമില്ലെന്നും അത് വെറും 'മാധ്യമ സൃഷ്ടി' മാത്രമാണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
'പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. നിങ്ങള്‍ (മാധ്യമങ്ങള്‍) പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. ഖാര്‍ഗെ അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു...' ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണമെന്നും എല്ലാവരും അവരുടെ തീരുമാനത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.