യാചകരുടെ വിശപ്പകറ്റാന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ ഉച്ചഭക്ഷണപ്പൊതി

Update: 2021-05-09 08:50 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ യാചകരുടെയും അനാഥരുടെയും വിശപ്പകറ്റാന്‍ ജില്ലാപഞ്ചായത്തിന്റെ ഉച്ചഭക്ഷണപ്പൊതി. ലോക്ഡൗണ്‍ തീരുന്നത് വരെയാണ് ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ ഉച്ചഭക്ഷണം നല്‍കുകയെന്ന് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. കഴിഞ്ഞ കൊവിഡ് അടച്ചുപൂട്ടലില്‍ ഹെല്‍പ് ഡെസ്‌ക്കിലൂടെ മാതൃകയായ ജില്ലാപഞ്ചായത്തിന്റെ പുതിയ സംരംഭം ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമാവുകയാണ്.

ഞായറാഴ്ച കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം, സ്റ്റേഡിയം, പഴയ ബസ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് വെജിറ്റബിള്‍ ബിരിയാണി നല്‍കിയത്. ഡിവൈഎഫ്ഐ പുഴാതി മേഖല കമ്മിറ്റിയാണ് ഭക്ഷണം സ്പോണ്‍സര്‍ ചെയ്തത്.

റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, ഡിവൈഎഫ്ഐ പുഴാതി മേഖല കമ്മിറ്റി സെക്രട്ടറി റിജേഷ്, ഐആര്‍പിസി ജില്ലാ ചെയര്‍മാന്‍ പി എം സാജിദ് തുടങ്ങിയവരാണ് ഭക്ഷണം വിതരണം ചെയ്തത്.