സംഭല്‍: സംഭല്‍ ജില്ലയിലെ പള്ളി പൊളിച്ച് അധികൃതര്‍. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ റായീ ബുസുര്‍ഗ് ഗ്രാമത്തിലെ പള്ളിയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൊളിച്ചുമാറ്റിയത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ചാണ് പള്ളി പൊളിച്ചത്.
ഒരു വര്‍ഷത്തോളമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന ഈ നടപടി കര്‍ശനമായ സുരക്ഷയൊരുക്കിയാണ് പോലിസ് നടത്തിയത്. പ്രദേശം മുഴുവന്‍ പോലിസിനെ വിന്യസിച്ചാണ് നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ആരാധനാലായം പൊളിച്ചു നീക്കിയത്. എസ്ഡിഎമ്മും സിറ്റി മജിസ്ട്രേറ്റും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
അതേസമയം, സമീപത്തുള്ള ജന്ത എന്ന വിവാഹ മണ്ഡപവും പൊളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് നേരത്തെ സ്ഥലം പരിശോധിക്കുകയും നോട്ടിസ് നല്‍കുകയും ചെയ്തിരുന്നുവെന്നാണ് ഉദ്യോഗസ്ഥഭാഷ്യം.
അതേസമയം, കഴിഞ്ഞയാഴ്ച ബറേലിയിലെ കോട്വാലി പ്രദേശത്ത് 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകളെച്ചൊല്ലിയുണ്ടായ പ്രതിഷേധത്തെയും പോലിസ് നടപടിയെയും തുടര്‍ന്ന് ബറേലി, ഷാജഹാന്‍പൂര്‍, പിലിഭിത്ത്, ബദൗണ്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 81ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
