ഡല്‍ഹിയില്‍ സ്പുട്‌നിക് 5 വാക്‌സിന്‍ വിതരണം ഇനിയും താമസിച്ചേക്കും

Update: 2021-06-27 10:17 GMT

ന്യൂഡല്‍ഹി: ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ സ്വകാര്യ ആശുപത്രികളിലൂടെയുള്ള സ്പുട്‌നിക് 5 കൊവിഡ് വാക്‌സിന്‍ വിതരണം ഇനിയും താമസിച്ചേക്കും. വിവധ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഞായറാഴ്ചയാണ് എന്‍ഡിടിവി ഈ വാര്‍ത്ത പുറത്തുവിട്ടത്.

വാക്‌സിന്‍ എന്നാണ് വിതരണത്തിനൊരുങ്ങുകയെന്നതു സംബന്ധിച്ച് വിതരണക്കാരില്‍ നിന്ന് അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി വക്താവ് പറഞ്ഞു. ജൂണ്‍ 25 മുതല്‍ വാക്‌സിന്‍ കുത്തിവയ്പാരംഭിക്കുമെന്നാണ് നേരത്തെ ഇന്ദ്രപ്രസ്ഥ അപോളൊ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. റഷ്യയിലാണ് സ്പുട്‌നിക് 5 വികസിപ്പിച്ചെടുത്തത്.

ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡിസ് ലാബറട്ടറിയാണ് സ്പുട്‌നിക് 5ന്റെ രാജ്യത്തെ വിതരണക്കാര്‍. വിതരണം സംബന്ധിച്ച തടസത്തിനു കാരണമെന്താണെന്ന അറിയിപ്പുകള്‍ വിതരണക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് മധുകര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വിതരണക്കാരുടെ ഭാഗത്തുനിന്നാണ് തടസ്സമെന്നും രണ്ട് ഡോസും എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നമായിരിക്കാം കാരണമെന്നും ആശുപത്രിക്കാര്‍ പറയുന്നു.

മറ്റ് വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി ജലദോഷത്തിന് കാരണമാവുന്ന രണ്ട് വൈറസുകളില്‍നിന്നാണ് ഈ വാക്‌സിന്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഇവ രണ്ടും പരസ്പരം മാറി ഉപയോഗിക്കാനും പാടില്ല. രണ്ട് വാക്‌സിനുകള്‍ക്കിടയില്‍ 21 ദിവസത്തെ ഇടവേളയാണ് വേണ്ടത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൊവിഷീല്‍ഡ് ഡോസ് ഒന്നിന് 780 രൂപയും സ്പുട്‌നിക്കിന് 1145 രൂപയും കൊവാക്‌സിന് 1410 രൂപക്കുമാണ് വില്‍ക്കേണ്ടത്.