ആദിവാസികള്‍ക്കിടയിലെ അനധികൃത മരുന്ന് വിതരണം; എച്ച്ആര്‍ഡിഎസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വംശഹത്യ ലക്ഷ്യമിട്ടെന്ന് പ്രധാനമന്ത്രിക്ക് ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ പരാതി

Update: 2021-09-18 16:18 GMT

അട്ടപ്പാടി: അട്ടപ്പാടിയിലെ ഷോളയൂര്‍ പഞ്ചായത്തില്‍, മട്ടത്തുകാട് എച്ച്ആര്‍ഡിഎസ്സ് ഇന്ത്യ നടത്തുന്ന അനധികൃത മരുന്നുവിതരണം ആദിവാസികളുടെ വംശഹത്യ ലക്ഷ്യമിട്ടാണെന്ന് പരാതിയുമായി ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ വയനാട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി. സംഘടന കഴിഞ്ഞ ഒരു മാസമായി അട്ടപ്പാടിയിലെ അഗളി, പുത്തൂര്‍, ഷോളയൂര്‍ എന്നീ മൂന്ന് പഞ്ചായത്തിലുമുള്ള ആദിവാസി ഊരുകളില്‍ ആരോഗ്യ വകുപ്പിന്റെയോ മറ്റ് ബന്ധപ്പെട്ട അധികൃതരുടെയോ അനുമതിയില്ലാതെ കൊറോണ പ്രതിരോധ മരുന്ന് എന്ന പേരില്‍ അര്‍സേണിക് ആല്‍ബം മരുന്ന് വിതരണം ചെയ്യുകയും അതോടൊപ്പം കുടു:ബത്തിന്റെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തുവരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കേരളത്തില്‍ നിലവില്‍ ഉപയോഗിക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കാത്ത മരുന്നാണ് അര്‍സേണിക് ആല്‍ബം. 

''വിതരണം ചെയ്യുന്ന മരുന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ ആന്ധ്രയിലെ സ്ഥാപനത്തില്‍ നിര്‍മ്മിക്കുന്നവയാണ്. ഈ മരുന്നിന്റെ കണ്ടന്റ് ആഴ്‌സേണിക് െ്രെട ഓക്‌സൈഡ് ആണ്. െ്രെടസൊണിക്‌സ് എന്ന ബ്രാന്‍ഡ് പേരില്‍ വരുന്ന ഈ മരുന്നിന്റെ പല വകഭേദങ്ങളും മാരകവിഷമാണ്. ഈ മരുന്നിന്റെ എല്ലാ വകഭേദങ്ങളും ഭൂരിപക്ഷ ലോകരാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥയായ സ്ത്രീകളിലും അവരുടെ വയറ്റില്‍ വളരുന്ന കുഞ്ഞുങ്ങളിലും മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ മരുന്ന്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പകുതിയോളം അവയുടെ പുതിയ ജനറേഷനെ നശിപ്പിച്ചതായിട്ടാണ് കാണാന്‍ കഴിഞ്ഞത്. ലോകത്തെവിടെയും അന്‍സിനിക് ആല്‍ബത്തിന്റെ ഫ്യുവല്‍ ഫോമിന്റെ ക്ലിനിക്കല്‍ ട്രെയല്‍ നടത്തിയിട്ടില്ല. ഡോക്ടര്‍മാരുടെ അനുമതിയില്ലാതെ ഈ മരുന്ന് ഗര്‍ഭിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. എച്ച്ആര്‍ഡിഎസ്സിന്റെ സ്റ്റിക്കര്‍ പതിച്ച കുപ്പികളിലാണ് മരുന്ന് വിതരണം നടത്തിയിട്ടുള്ളത്''- ഇത് ഇവര്‍ പലപ്പോഴായി നടത്തിയിട്ടുള്ള മരുന്നു പരീക്ഷണങ്ങളില്‍ കൈയോടെ പിടിക്കപ്പെട്ടുള്ള ഒന്നു മാത്രമാണെന്നും ആദിവാസി അമ്മമാരില്‍ വ്യാപകമായി മെറ്റാഡിന്‍ അംശം കണ്ടെത്തിയിട്ടുണ്ടെന്നും ആദിവാസി വംശഹത്യ നടത്താന്‍ വേണ്ടി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഫലമായി ഉണ്ടായതാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ എന്ന് തങ്ങള്‍ ബലമായി സംശയിക്കുന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളും പരാതിയിലുണ്ട്.

''ആദിവാസി വിഭാഗത്തിന്റെ വംശനാശം ലക്ഷ്യം വെയ്ക്കുന്ന ഭൂമാഫിയകളും എച്ച്ആര്‍ഡിഎസ്സിന്റെ പ്രവര്‍ത്തനത്തിനു പിന്നിലുണ്ട്. ആദിവാസി ഭൂമികള്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്ന മാഫിയ സംഘം ഇവിടെ സജ്ജീവമാണ്. 7 വര്‍ഷം മുമ്പ് മറ്റൊരു സംഘടന ആദിവാസി കുട്ടികളുടെ രക്തസാംപിളുകള്‍ പരിശോധിച്ചിരുന്നു. ആദിവാസി ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥരും ഡിപ്പാര്‍ട്ട്‌മെന്റും ഇതെല്ലം കണ്ടില്ലെന്ന് നടിക്കുന്നു. എച്ച്ആര്‍ഡിഎസ്സിന്റെ 'കര്‍ഷക' എന്ന പദ്ധതിയുടെ പേരില്‍ 5000 ഏക്കര്‍ ആദിവാസി ഭൂമി പാട്ടത്തിനെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇത് അട്ടപ്പാടി നോഡല്‍ ഓഫിസര്‍ ജെറോമിക്ക് ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അദ്ദേഹം അതു തടഞ്ഞ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും കലക്ടര്‍ അത് തടയുകയും ചെയ്തിരിക്കുകയാണ്. സദ്ഗൃഹ എന്ന ഭവന പദ്ധതിയുടെ പേര് പറഞ്ഞ് 192 വീടുകള്‍ മൂന്ന് പഞ്ചായത്തുകളിലായി നിര്‍മ്മിച്ചു. എന്നാല്‍ പഞ്ചായത്തിന്റേയോ, ഐടിഡിപിയുടെയോ അസിസ്റ്റന്റ് കലക്ടറുടേയോ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു നിര്‍മ്മാണം. ഇവിടെ നിര്‍മിച്ച വീടുകളാകട്ടെ ഇവിടുത്തെ കാലാവസ്ഥക്കോ ആദിവാസി വിഭാഗക്കാരുടെ ആവാസത്തിനോ ഒട്ടും യോജിക്കാത്ത ഉറപ്പില്ലാത്ത പ്ലൈവുഡ് വീടുകളാണ്. അതു കൊണ്ടുതന്നെ വീടിന് നമ്പര്‍ ഇട്ടിട്ടില്ല, വൈദ്യുതി കണക്ഷനും കിട്ടിയിട്ടില്ല. കുടി വെള്ളം, സാനിറ്റേഷന്‍ സൗകര്യങ്ങള്‍ എന്നിവ ല്യമാക്കിയിട്ടില്ല.

ആദിവാസികളെ ചൂഷണം ചെയ്ത് തട്ടിപ്പു നടത്തുന്ന ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കാനും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും എച്ച്ആര്‍ഡിഎസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേന്ദ്ര ഏജന്‍സിയെക്കൊണ്ട് സമഗ്രമായി അന്വേഷണത്തെ നടത്തണമെന്നും അമ്മിണി കെ വയനാട് പാരതിയില്‍ ആവശ്യപ്പെട്ടു. 

Tags: