അയോഗ്യതാനോട്ടിസ്: മഹാരാഷ്ട്രയിലെ വിമത ശിവസേന എംഎല്‍എമാര്‍ക്ക് മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കി സുപ്രിംകോടതി

Update: 2022-06-28 04:39 GMT

മുംബൈ: ശിവസേന വിമതര്‍ക്ക് ആശ്വാസ നടപടിയുമായി സുപ്രിംകോടതി. ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യതാനോട്ടിസില്‍ മറുപടി നല്‍കാന്‍ ജൂലൈ 12 വരെ സമയം അനുവദിച്ചു. അതോടൊപ്പം അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി നിരസിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ കഴിഞ്ഞയാഴ്ചയാണ് ഏകനാഥ് ഷിന്‍ഡെയ്ക്കും മറ്റ് 15 വിമത എംഎല്‍എമാര്‍ക്കും അയോഗ്യതാ നോട്ടിസ് നല്‍കിയത്.

അയോഗ്യതാ നോട്ടിസ് പോലുള്ളവയില്‍ തീരുമാനമെടുക്കുംവരെ അവിശ്വാസപ്രമേയ അനുമതി നല്‍കരുതെന്ന ഉദ്ദവ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കോടതി നിരസിച്ചു. അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് ഉദ്ദവ് സര്‍ക്കാരിനുവേണ്ടി ഹാജരായത്. എന്തെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനം കണ്ടാല്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ഈ ആഴ്ച തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശിരായി ഉദ്ദവ് സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്.

അവിശ്വാസവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിശോധിക്കാന്‍ ഭരണഘടനാ വിദഗ്ധരുമായി വിമതര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

തനിക്കൊപ്പം 50 എംഎല്‍എമാരുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം.

Tags:    

Similar News