സംവിധായകന്‍ നിസാര്‍ അന്തരിച്ചു

കരള്‍, ശ്വാസസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു

Update: 2025-08-18 10:14 GMT

കോട്ടയം: സംവിധായകന്‍ നിസാര്‍(63) അന്തരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയാണ്. കരള്‍, ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. അപരന്മാര്‍ നഗരത്തില്‍, ഓട്ടോ ബ്രദേഴ്‌സ്, ത്രീ മെന്‍ ആര്‍മി, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ് പേപ്പര്‍ ബോയ്, കായംകുളം കണാരന്‍ തുടങ്ങി 25ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1989-ല്‍ പുറത്തിറങ്ങിയ സുദിനം ആയിരുന്നു നിസാറിന്റെ ആദ്യ ചിത്രം. അവസാന ചിത്രം ടു മെന്‍ ആര്‍മിയും.

ചെറിയ ചിലവില്‍, കുറച്ചു ദിവസങ്ങള്‍ കൊണ്ട് സിനിമകള്‍ ഒരുക്കി വിജയിപ്പിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു നിസാര്‍. സീനുകളില്‍ ഡ്യൂപ്പുകളെ ഉപയോഗിച്ചും ചീറ്റിങ്ങ് ഷോട്ടുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയും വേഗത്തില്‍ ചിത്രങ്ങളൊരുക്കുന്നതില്‍ നിസാര്‍ പുലര്‍ത്തിയ പ്രായോഗിക സമീപനങ്ങളും, സാങ്കേതിക ജ്ഞാനവും, ഓര്‍മശക്തിയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രസിദ്ധി തിരക്കു നേടിയിരുന്നു. തിരക്കുപിടിച്ച താരങ്ങളുടെ ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റ് കൊണ്ട് സിനിമയിലെ മുഴുനീള വേഷം ചിത്രീകരിക്കാനുള്ള നിസാറിന്റെ വൈഭവം പിന്നീട് മലയാള സിനിമയില്‍ പ്രശസ്തരായി മാറിയ പല സംവിധായകരുടെയും പഠനമായി.

Tags: