എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. അഭിലാഷം സിനിമയുടെ സംവിധായകനായ ഷംസുദ്ദീന്‍ (ഷംസു സൈബ) ആണ് അറസ്റ്റിലായിരിക്കുന്നത്. നിര്‍മാതാവായ ആന്‍ സരിഗ ആന്റണി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
കരാറിനേക്കാള്‍ കൂടുതല്‍ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് നിര്‍മാതാവ് നല്‍കിയിരിക്കുന്ന പരാതി. സിനിമാ ചിത്രീകരണത്തിനിടയില്‍ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിലുണ്ട്. ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തറ പോലിസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.
ഷംസുവിനെ കൂടാതെ അഭിലാഷം സിനിമയില്‍ പ്രവര്‍ത്തിച്ച അഞ്ചുപേര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. അതേസമയം, നിര്‍മാതാവ് തന്നോട് പക പോക്കുകയാണെന്നാണ് സംവിധായകന്‍ പറഞ്ഞു. ചിത്രീകരണത്തിനുള്ള ചെലവ് മാത്രമേ വാങ്ങിയിട്ടുള്ളു എന്നാണ് ഷംസു സൈബ പറഞ്ഞത്.
മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന് ശേഷം ഷംസു സൈബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. 2025ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപകശ്രദ്ധ നേടിയെങ്കിലും തിയേറ്ററില്‍ വലിയ വിജയം നേടിയിരുന്നില്ല. എന്നാല്‍ ഒടിടിയില്‍ എത്തിയതോടെ ചിത്രം വന്‍ പ്രേക്ഷകപ്രീതി നേടി.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിര്‍മാതാവും സാങ്കേതിക പ്രവര്‍ത്തകരും തമ്മില്‍ പ്രതിഫലവുമായി ബന്ധപ്പെട്ട് അടക്കം തര്‍ക്കങ്ങള്‍ ഉണ്ടായതിനെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് സിനിമാട്ടോഗ്രഫര്‍ ഫെഫ്കയ്ക്ക് പരാതി നല്‍കിയിരുന്നു. റിലീസിന് ശേഷം പ്രതിഫലം നല്‍കാമെന്ന നിര്‍മാതാവിന്റെ ഉറപ്പില്‍ ഇത് അസോസിയേഷന്‍ തീര്‍പ്പാക്കുകയായിരുന്നു.
