മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ വേണമെന്ന് വീണ്ടും ദിലീപ്

Update: 2019-10-03 12:05 GMT

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ വീണ്ടും ആവശ്യപ്പെട്ടു. പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. വാദം പൂര്‍ത്തിയായപ്പോള്‍ ഇരു കക്ഷികള്‍ക്കും പറയാനുള്ള രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം ദിലീപ് വീണ്ടും ആവശ്യപ്പെട്ടത്.

കേസില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യമാണ്. ദൃശ്യങ്ങള്‍ പരസ്യമാകാതിരിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കോടതി തന്നെ സ്വീകരിക്കണം. തന്‍റെയും അഭിഭാഷകന്‍റെയും പക്കല്‍ പകര്‍പ്പ് സുരക്ഷിതമായിരിക്കുമെന്നും ദിലീപ് രേഖാമൂലം കോടതിയെ അറിയിച്ചു. ദൃശ്യങ്ങളിലുള്ള സ്ത്രീ ശബ്ദത്തെക്കുറിച്ച്‌ കേസ് ഡയറിയില്‍ പരാമര്‍ശിക്കുന്നില്ല. ശബ്ദം കൃത്രിമമായി എഡിറ്റ് ചെയ്തു ചേര്‍ത്തതാണ്. ഇത് തെളിയിക്കാന്‍ പകര്‍പ്പ് ആവശ്യമാണെന്നാണ് ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പു നല്‍കുന്നതിനെ പ്രോസിക്യൂഷനും നടിയും എതിര്‍ത്തു. ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കിയാല്‍ പ്രചരിപ്പിക്കുമെന്നും തന്‍റെ സ്വകാര്യത ഇല്ലാതാകുമെന്നും ഇത് മൗലികാവകാശത്തിന്‍റെ ലംഘനമാകുമെന്നുമായിരുന്നു നടിയുടെ നിലപാട്.

ദിലീപിന് പകര്‍പ്പ് നല്‍കാന്‍ പാടില്ലെന്നും മറിച്ചാണ് കോടതി തീരുമാനമെങ്കില്‍ ദുരുപയോഗം തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

Similar News