സംസ്ഥാനത്ത് 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റി സര്‍വ്വേ പദ്ധതി

Update: 2021-08-17 17:56 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റിസര്‍വ്വെ പദ്ധതി നടപ്പാക്കുന്നു. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റിബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിട്ടുണ്ട്.

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റല്‍ റിസര്‍വ്വേ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യൂ, സര്‍വ്വെ, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാകും. ഡിജിറ്റല്‍ ഭൂരേഖ ഭൂപട സംവിധാനങ്ങളുടെ സുശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താന്‍ ആവശ്യമായ തരത്തില്‍ ഐ.ടി. സംവിധാനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.

വകുപ്പില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആധുനിക വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കുന്നതിനായി ഭൂവിവര വ്യവസ്ഥ (GIS) അടിസ്ഥാനപ്പെടുത്തി നടപ്പിലാക്കുന്ന നൂതന ഭൂസര്‍വെ പ്രവര്‍ത്തനങ്ങളാണ് ഡിജിറ്റല്‍ സര്‍വെ. നിലവില്‍ സര്‍വെയും ഭൂരേഖയും വകുപ്പിന്റെ കീഴിലുള്ള എല്ലാവിധ സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കും ഡിജിറ്റല്‍ സര്‍വെ രീതിയാണ് അവലംബിച്ച് വരുന്നത്. ഇതു മൂലം വേഗത്തിലും സുതാര്യമായും കൃത്യതയോടുമുള്ള റിക്കാര്‍ഡുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്നതാണ്. ഇതര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇത്തരം ഡിജിറ്റല്‍ മാപ്പുകള്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

Tags: