ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം വരുന്നു; ബില്ല് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍

Update: 2022-07-15 11:08 GMT

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ബില്ല് അടുത്ത ആഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ബില്ല് അവതരിപ്പിക്കുക. ബില്ല് നിയമമാകുന്നതോടെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയും. രാജ്യത്ത് ഇതാദ്യമായാണ് ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ബില്ല് തയ്യാറാക്കുന്നത്.

നിലവിലുളള രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്ല് ഭേദഗതി വരുത്താനുളള നടപടി ആരംഭിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരിക.

നിയമം പാസായാല്‍ മാധ്യമങ്ങള്‍ 90 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷനുവേണ്ടി അപേക്ഷിക്കണം.

പ്രസ് രജിസ്ട്രാര്‍ ജനറലിനാണ് ലൈസന്‍സ് നല്‍കാന്‍ അധികാരമുണ്ടാവുക. ലംഘനങ്ങള്‍ നടന്നാല്‍ അനുമതി എടുത്തുകളയാനോ പിഴ ചുമത്താനോ രജിസ്ട്രാര്‍ ജനറലിന് അധികാരമുണ്ടാവും.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സനായിരിക്കും അപ്പീല്‍ അധികാരി. ബില്ലിന് ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയിട്ടില്ല.

ബില്ല് വരുന്നതോടെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍ കീഴിലാവും. 2019ല്‍ സമാനമായ നീക്കം നടന്നിരുന്നു. അന്ന് അത് വലിയ വിമര്‍ശനത്തിന് കാരണമായി.

ഇന്റര്‍നെറ്റ്, മൊബൈല്‍, കംപ്യൂട്ടര്‍ തുടങ്ങിയവയിലൂടെ അയക്കുന്ന വീഡിയോ, ഓഡിയോ, ഗ്രാഫിക്‌സ് ഉള്ളടക്കങ്ങളെയാണ് ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള വാര്‍ത്തകളെന്ന് വിളിക്കുന്നത്.

1867ലെ പ്രസ് റെഗുലേഷന്‍ ഓഫ് ബുക്ക് ആക്റ്റ് റദ്ദാക്കിയാണ് രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്ല് പാസ്സാക്കിയത്. ഈ നിയമം വഴിയാണ് ഇന്ന് ഇന്ത്യയില്‍ പത്രങ്ങളുടെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നത്.