'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ്: വനിതാ ഡോക്ടര്‍ക്ക് 6.38 കോടി രൂപ നഷ്ടമായി
കൊച്ചി: കള്ളപ്പണ ഇടപാടില്‍ ഉള്‍പ്പെട്ടെന്നാരോപിച്ച് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയില്‍ വനിതാ ഡോക്ടറില്‍ നിന്ന് 6.38 കോടി രൂപ സൈബര്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയതായി പരാതി. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മുംബൈ സൈബര്‍ ക്രൈം പോലിസിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഡോക്ടറെ ഫോണ്‍ വഴി സമീപിച്ചത്. ഡോക്ടറുടെ പേരില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ അറസ്റ്റിലാണെന്നുമാണ് സംഘം വിശ്വസിപ്പിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അക്കൗണ്ടിലുള്ള തുക പരിശോധനയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന് വിശ്വസിപ്പിച്ച് നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്ക് ഒക്ടോബര്‍ 3 മുതല്‍ ഡിസംബര്‍ 10 വരെ ഡോക്ടര്‍ തുക കൈമാറി. രണ്ടു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആകെ 6,38,21,864 രൂപയാണ് തട്ടിപ്പുസംഘം കൈവശപ്പെടുത്തിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പണം ആര്‍ബിഐ അക്കൗണ്ടില്‍ സുരക്ഷിതമായിരിക്കുമെന്നും പിന്നീട് തിരികെ നല്‍കുമെന്നുമായിരുന്നു തട്ടിപ്പുകാര്‍ നല്‍കിയ ഉറപ്പ്.
നീണ്ട രണ്ടു മാസം തുടര്‍ച്ചയായ ഭീഷണിയിലൂടെയാണ് പണം കൈമാറിയതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തുക തിരികെ ലഭിക്കാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊച്ചി സിറ്റി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ വഴിയോ വീഡിയോ കോള്‍ വഴിയോ ആരെയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ പോലിസിനോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കോ അധികാരമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നുന്ന സാഹചര്യത്തില്‍ ഉടന്‍ സൈബര്‍ പോലിസിനെ സമീപിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലിസ് അന്വേഷണം ശക്തമാക്കിയതായി അറിയിച്ചു.
