കുഴിമന്തി വിവാദം: 'ശ്രീരാമേട്ടനെ' തള്ളി സുനില്‍ പി ഇളയിടം

Update: 2022-10-01 08:52 GMT

കോഴിക്കോട്: കുഴിമന്തിയെന്ന വാക്ക് മലയാളഭാഷയെ മലിനമാക്കുന്നുവെന്ന നടന്‍ വി കെ ശ്രീരാമന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിച്ച് കയ്യടിച്ച സുനില്‍ പി ഇളയിടം നിലപാട് തിരുത്തി. കുഴിമന്തി എന്ന പേരിനെ മുന്‍നിര്‍ത്തി 'ശ്രീരാമേട്ടന്‍' പറഞ്ഞ അഭിപ്രായവും അതിനോടുള്ള പ്രതികരണവും ചര്‍ച്ചയായ സന്ദര്‍ഭത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന മുഖവുരയോടെയാണ് സുനില്‍ പി ഇളയിടം ഫേസ് ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചത്.

പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നുവെന്ന തോന്നലുളവാക്കാന്‍ പോസ്റ്റ് കാരണമായിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.

'വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടന്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാന്‍ ഉദ്ദേശിച്ചത് അതാണ്. 'മൊളൂഷ്യം' എന്ന വിഭവത്തിന്റെ പേരും ഇതു പോലെ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ സാഹിത്യ പഠനത്തില്‍ വരുന്ന ജഹദജഹല്‍ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്‌ക്കൊക്കെ കുറച്ചു കൂടി തെളിച്ചമുള്ള മലയാള പദങ്ങള്‍ വേണമെന്ന് പലപ്പോഴുംതോന്നിയിട്ടുമുണ്ട്'- അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു.

താന്‍ ഏകാധിപതിയായിരുന്നെങ്കില്‍ മലയാള ഭാഷയെ മലിനമാക്കുന്ന വാക്ക് എന്ന നിലയില്‍ കുഴിമന്തിയെന്ന പേര് നിരോധിക്കുമായിരുന്നുവെന്നാണ് ശ്രീരാമന്‍ പറഞ്ഞത്. ശ്രീരാമന്റെ പോസ്റ്റ് വ്യാപകമായ തോതില്‍ വിമര്‍ശിക്കപ്പെട്ടു.

സുനില്‍ പി ഇളയിടത്തിന്റെ പോസ്റ്റ്:

കുഴിമന്തി എന്ന പേരിനെ മുൻനിർത്തി ശ്രീരാമേട്ടൻ പറഞ്ഞ അഭിപ്രായവും അതിനോടുള്ള എൻ്റെ പ്രതികരണവും ചർച്ചയായ സന്ദർഭത്തിൽ അതേക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കണം എന്നു കരുതുന്നു.

വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടൻ്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാൻ ഉദ്ദേശിച്ചത് അതാണ്.

'മൊളൂഷ്യം' എന്നവിഭവത്തിൻ്റെ പേരും ഇതു പോലെ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ- സാഹിത്യ പOനത്തിൽ വരുന്ന ജഹദജഹൽ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്ക്കൊക്കെ കുറച്ചു കൂടി തെളിച്ചമുള്ള മലയാള പദങ്ങൾ വേണമെന്ന് പലപ്പോഴുംതോന്നിയിട്ടുമുണ്ട്.

എന്നാൽ, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങൾക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല.

തൻ്റെ അഭിപ്രായം പറയാൻ ശ്രീരാമേട്ടൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാൻ കരുതുന്നത്.

എങ്കിലും ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ എൻ്റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട് .പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാൻ അത് കാരണമായിട്ടുണ്ട്.

അക്കാര്യത്തിലുള്ള എൻ്റെ നിർവ്യാജമായ ഖേദം രേഖപ്പെടുത്തുകയും ചെയ്യുന്നു.

Tags: