തലച്ചോറില്‍ രക്തം കട്ടപിടിച്ചു; മറഡോണയെ ശസ്ത്രക്രിയക്ക് വിധേയനാക്കി
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലാ പാസ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിങിലാണ് തലച്ചോറില്‍ രക്തംകട്ടപിടിച്ചതായി കണ്ടെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശസ്ത്രക്രിയ വിജയകരമാണെന്നും ഡോക്ടര്‍ ലിയോപോര്‍ഡ് ലൂക്ക്‌വ്യക്തമാക്കി.
അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ അശുപത്രിയിലാണ് അര്‍ജന്റീനന്‍ ഇതിഹാസ താരത്തിന്റെ ചികില്‍സ. മറഡോണയുടെ അടിയന്തിര ശസ്ത്രക്രിയ വാര്‍ത്തയറിഞ്ഞ് ആശുപത്രി പരിസരത്ത് താരത്തിന്റെ ആരാധകരും ഇപ്പോള്‍ പരിശീലിപ്പിക്കുന്ന ജിംനാസിയുടെ ആരാധകരും തടിച്ചുകൂടിയിരുന്നു എന്നാണ് റിപോര്‍ട്ട്. 'ജീവിതത്തില്‍ വളരെയധികം സമ്മര്‍ദ്ദങ്ങളുള്ള ഒരു പ്രായമായ രോഗിയാണ് അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തെ സഹായിക്കേണ്ട സമയമാണിത്. പഴയ മറഡോണ ആകുന്നത് വളരെ ബുദ്ധിമുട്ടാണ്,' വെള്ളിയാഴ്ച അദ്ദേഹത്തിന് അറുപതാം വയസ്സ് തികഞ്ഞിരുന്നു' ഡോക്ടര്‍ ലൂക്ക് പറഞ്ഞു.
വിളര്‍ച്ചയും നിര്‍ജലീകരണവും വിഷാദവും താരത്തെ അലട്ടുന്നുണ്ട്. ഒരാഴ്ചയായി ഭക്ഷണം കഴിക്കാന്‍ താരം വിമുഖത കാട്ടിയിരുന്നു. ഇതിനൊപ്പം നിരവധി ജീവിതശൈലി രോഗങ്ങള്‍ മറഡോണയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അലട്ടുന്നുണ്ട്. രണ്ട് തവണ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു. 2019 ല്‍ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് മാറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018 ലെ റഷ്യ ലോകകപ്പിനിടെയും ഇതിഹാസ താരം രോഗബാധിതനായി. 2004 ല്‍ മയക്കു മരുന്നിന്റെ അമിത ഉപയോഗം മൂലം അദ്ദേഹം ശ്വാസകോശ, ഹൃദ്രോഗങ്ങളെ അഭിമുഖീകരിച്ചു. ശരീര ഭാരം കുറയ്ക്കുന്നതിന് രണ്ടുവട്ടം ഗാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയകള്‍ നടത്തി. മദ്യപാനത്തില്‍നിന്നു രക്ഷപ്പെടാനും മാറഡോണയ്ക്കു ചികിത്സ തേടേണ്ടി വന്നു.
