'റാം എന്ന് അഭിവാദ്യം ചെയ്തില്ല'; ദലിത് വയോധികരെ ക്രൂരമായി ആക്രമിച്ച് ഹിന്ദുത്വര്‍
ജബ്രാപൂര്‍: 'റാം' എന്ന് അഭിവാദ്യം ചെയ്തില്ലെന്നാരോപിച്ച് ദലിത് വയോധികരെ ക്രൂരമായി ആക്രമിച്ച് ഹിന്ദുത്വര്‍. സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച ബന്ദ ജില്ലയിലെ ജബ്രാപൂര്‍ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. 60 വയസ്സുള്ള ഭഗത് വര്‍മ്മയും 70 വയസ്സുള്ള കല്ലു ശ്രീവാസും തങ്ങളുടെ വയലില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്ത് ഉയര്‍ന്ന ജാതിക്കാരായ കുറച്ചധികം ആളുകള്‍ അവിടേക്ക് എത്തി. തങ്ങളെ കണ്ട് എഴുന്നേറ്റ് നിന്ന് 'റാം റാം' എന്ന് അഭിവാദ്യം ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ഇവര്‍ വയോധികരെ ആക്രമിച്ചത്.
ഭഗതിനെ മര്‍ദ്ദിക്കുന്നതുകണ്ട് തടയാനെത്തിയ കല്ലുവിനെ അവര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ശേഷം ഇവര്‍ 500 രൂപ കൊള്ളയടിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ തങ്ങളെ ആരും സഹായിക്കാനെത്തിയില്ലെന്ന് വയോധികര്‍ പറയുന്നു.
ഭഗത്തിന്റെ മകന്‍ ഗംഗാറാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ഫത്തേഗഞ്ച് പോലിസ് പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസെടുത്തു.