ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനത്തെ സ്വാധീനിച്ചോ? രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം 3.4 ദിവസത്തില്‍ നിന്ന് 7.5 ലേക്ക്

ലോക്ക് ഡൗണിനുശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം ചില പ്രദേശങ്ങള്‍ ഇപ്പോഴും ഗുരുതരമായി തുടരുന്നു.

Update: 2020-04-21 07:55 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ലോക്ക് ഡൗണ്‍ കൊണ്ട് നിയന്ത്രിച്ചു നിര്‍ത്താനായെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ലോക്ക് ഡൗണിനു മുമ്പ് രോഗികളുടെ എണ്ണം ഇരട്ടിയാവാന്‍ 3.4 ദിവസം മാത്രം എടുത്തിരുന്നെങ്കില്‍ ഇപ്പോഴത് 7.5 ദിവസമായി വര്‍ധിച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മാര്‍ച്ച് 24നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അന്നുമുതല്‍ തുടങ്ങിയ സമ്പര്‍ക്കവിലക്കും മറ്റ് ആരോഗ്യനിര്‍ദേശങ്ങളും വഴി രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താനായെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ലോക്ക് ഡൗണിനുശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം ചില പ്രദേശങ്ങള്‍ ഇപ്പോഴും ഗുരുതരമായി തുടരുന്നു.

ഇരട്ടിയാവാനെടുക്കുന്ന സമയത്തിന്റെ കാര്യത്തില്‍ നിലവില്‍ 18 സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ്. കേരളത്തിലും ഒഡീഷയിലും അത് 30 ദിവസത്തിനു മുകൡലാണ്. കേരളത്തില്‍ 72.2ഉം ഒഡീഷയില്‍ 39.8മാണ്.

കഴിഞ്ഞ 7 ദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം വച്ചാണ് ഇരട്ടിയാവാനെടുക്കുന്ന സമയം തിട്ടപ്പെടുത്തുന്നത്. അതുവച്ചു നോക്കുമ്പോള്‍ ഇന്ത്യയില്‍ രോഗബാധ കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. രോഗം ഇരട്ടിയാവാന്‍ കൂടുതല്‍ സമയമെടുക്കുകയെന്നാല്‍ വ്യാപനം കുറയുന്നുവെന്നാണ് അര്‍ത്ഥം.

ഡല്‍ഹി, കര്‍ണാടക, തെലങ്കാന, ആന്ധ്ര, ജമ്മു കശ്മീര്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഇരട്ടിപ്പിനുളള സമയം 20 ദിവസത്തിനു താഴെയായിട്ടുളളത്.

ഡല്‍ഹി 8.5 ദിവസം, കര്‍ണാടക 9.2 ദിവസം, തെലങ്കാന 9.4 ദിവസം, ആന്ധ്ര 10.6 ദിവസം, ജമ്മു & കശ്മീര്‍ 11.5 ദിവസം, പഞ്ചാബ് 13.1 ദിവസം, ഛത്തീസ്ഗഡ് 13.3 ദിവസം, തമിഴ് നാട് 14 ദിവസം, ബീഹാര്‍ 16.4 ദിവസം എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ഇരട്ടിപ്പ് സമയം.

20നും 30നും ഇടയില്‍ ഇരട്ടിപ്പ് സമയം എടുക്കുന്നവ ഇവയാണ്: ആന്തമാന്‍ & നിക്കോബര്‍ ദ്വീപ് 20.1 ദിവസം, ഹിരയാന 21 ദിവസം, ഹിമാചല്‍ പ്രദേശ് 24.5 ദിവസം, അസം 25.8 ദിവസം, ഉത്തരാഖണ്ഡ് 26.6 ദിവസം, ലഡാക്ക് 26.6 ദിവസം.

കഴിഞ്ഞ 28 ദിവസത്തിനുളളില്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്ത നിരവധി ജില്ലകളും രാജ്യത്തുണ്ട്. മാഹി, കൊടക്, പുരി ഗര്‍ഹ്വാള്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 28 ദിവസത്തിനുള്ളില്‍ പുതിയ കേസുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

59 ജില്ലകളിലും 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 14 ദിവസത്തിനുള്ളില്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഗോയില്‍ എല്ലാവരും രോഗവിമുക്തരായി.

തിങ്കളാഴ്ചയിലെ കണക്കുപ്രകാരം രാജ്യത്തെ രോഗബാധിതരുടെ എണ്ണം 17,265 ആണ്. അതില്‍ 14,175 പേര്‍ക്കാണ് ഇപ്പോള്‍ രോഗമുളളത്. 24 മണിക്കൂറിനുള്ളില്‍ 1,553 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 36 പേര്‍ മരിച്ചു. രാജ്യത്തെ രോഗവിമുക്തിയുടെ നിരക്ക് 14.75 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ മഹാരാഷ്ട്രയും ഗുജറാത്തുമൊക്കെയാണ് ഏറ്റവും അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. ദേശീയ ശരാശരി കുറയ്ക്കുന്നതും ഈ സംസ്ഥാനങ്ങളാണ്. തിങ്കളാഴ്ച വരെയുള്ള കണക്കു പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ ഇരട്ടിപ്പ് സമയം ആറ് ദിവസമാണ്. ഗുജറാത്തിലിത് 4.5 ദിവസവും മധ്യപ്രദേശില്‍ 5.5 ദിവസവുമാണ്. എല്ലാം ദേശീയ ശരാശരിയേക്കാള്‍ മോശം അവസ്ഥയിലാണ്.

മധ്യപ്രദേശിലെ ഇന്‍ഡോര്‍; മഹാരാഷ്ട്രയിലെ മുംബൈ, പൂനെ; രാജസ്ഥാനിലെ ജയ്പൂര്‍; പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ഹൗറ, മെഡിനിപൂര്‍ ഈസ്റ്റ്, 24 പര്‍ഗാനാസ് നോര്‍ത്ത്, ഡാര്‍ജിലിംഗ്, കലിംപോംഗ്, ജല്‍പായ്ഗുരി എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. 

Tags: