പൗരത്വ രേഖകളില്ലാത്ത ആദിവാസികള്‍ ഗുജറാത്തില്‍ മാത്രം 40 ലക്ഷം, മുന്‍ 'കുറ്റവാളി ഗോത്ര'ങ്ങളും പൗരത്വത്തിനു പുറത്താവും- ഗണേഷ് എന്‍ ഡെവി

ഗുജറാത്തില്‍ 89.17 ലക്ഷം ആദിവാസികളാണ് ഉള്ളത്. അതായത് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയില്‍ 14.8 ശതമാനം. അതില്‍ 35 -40 ലക്ഷം ആദിവാസികള്‍ക്ക് ഒരു വിധത്തിലുള്ള പൗരത്വ രേഖകളുമില്ല. ഇവര്‍ക്കും പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം നഷ്ടമാകും.

Update: 2019-12-15 02:09 GMT

ഗാന്ധിനഗര്‍: പുതിയ പൗരത്വ ഭേദഗതി നിയമം ക്രിമിനല്‍ ഗോത്രങ്ങളെന്ന് മുദ്ര കുത്തി പുറത്തിരുത്തിയിരുന്ന ആദിവാസികളെ പൗരത്വത്തില്‍ നിന്ന് പുറത്താക്കുമെന്ന് ആക്റ്റിവിസ്റ്റും ഗവേഷകനുമായ ഗണേഷ് എന്‍ ഡെവി. പുതിയ നിമയം അസമിലും ബംഗാളിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധി നഗറില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് പൗരത്വ നിയമത്തിന്റെ വളരെ ഗുരുതരമായ ഒരു വശത്തെ കുറിച്ച് ജി എന്‍ ഡെവി വെളിപ്പെടുത്തല്‍ നടത്തിയത്.

കൊളോണിയല്‍ കാലം മുതല്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി ഗോത്രങ്ങളെ കുറ്റവാളി ഗോത്രങ്ങളെന്ന് ആരോപിച്ച് നിരീക്ഷണത്തില്‍ വച്ചിരുന്നു. ആ ഗോത്രങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ സ്വാഭാവികമായും കുറ്റവാളികളെന്നാണ് നിയമം അനുശാസിച്ചിരുന്നത്. അവര്‍ ജനനം കൊണ്ടാണ് കുറ്റവാളികളാകുന്നത്. ബുദ്ദുക്ക്, ബെഡ്യാസ്, പാസി, ഗുജാര്‍, ഡോംസ്, മൂസഹീരാസ്, രജ്വാര്‍സ്, ഗഹ്‌സീസ്, ബോയാസ്, സൗഖ്യാസ് തുടങ്ങിയയൊക്കെ ഇത്തരം ഗോത്രങ്ങളില്‍ പെട്ടവരാണ്. ഇവരെ എവിടെ വച്ചും അകാരണമായി അറസ്റ്റ് ചെയ്യാന്‍ ഈ നിയമം പോലിസിന് അധികാരം നല്‍കുന്നു. സ്വാതന്ത്ര്യാനന്തമാണ് ഈ നിയമം എടുത്തു കളയുന്നത്. ഇതില്‍ പലതും 1950നും 52 നുമിടയിലാണ് സംഭവിച്ചത്. അതായത് ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരല്ല. കാരണം കുറ്റവാളി ഗോത്രങ്ങള്‍ എന്ന വര്‍ഗീകരണം ഇല്ലാതായശേഷമാണ് അവര്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്.

1955 ലെ നിയമമനുസരിച്ച് മുന്‍ കുറ്റവാളി ഗോത്രങ്ങള്‍ അതല്ലെന്ന് പ്രഖ്യാപിക്കുന്ന മുറക്ക് അതിലെ അംഗങ്ങള്‍ക്ക് പൗരത്വം ലഭിക്കും. അതേസമയം അവര്‍ക്ക് പൗരത്വം ലഭിച്ചതായുള്ള രേഖകള്‍ ഒന്നും ലഭ്യമായിരിക്കുകയുമില്ല. അവര്‍ പൗരന്മാരായെന്നതിന് വൈയക്തികമായ രേഖകളൊന്നും അക്കാലത്ത് നല്‍കിയിരുന്നില്ല. മറിച്ച് ഒരുമിച്ച് നിയമം വഴി പൗരത്വത്തിലേക്ക് വരികയായിരുന്നു. രേഖകള്‍ ലഭ്യമല്ലാത്തതുകൊണ്ട് പുതിയ ഭേദഗതി വീണ്ടും അവരെ പൗരന്മാരല്ലാതാക്കി മാറ്റുമെന്നാണ് ഡെവി പറയുന്നത്.

ഡെവി പറയുന്നതനുസരിച്ച് ഗുജറാത്തില്‍ 89.17 ലക്ഷം ആദിവാസികളാണ് ഉള്ളത്. അതായത് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയില്‍ 14.8 ശതമാനം. അതില്‍ 35 -40 ലക്ഷം ആദിവാസികള്‍ക്ക് ഒരു വിധത്തിലുള്ള പൗരത്വ രേഖകളുമില്ല. ഇവര്‍ക്കും പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം നഷ്ടമാകും.

മറ്റെല്ലാ വ്യത്യാസങ്ങളും മാറ്റിവച്ച് ബില്ലിനെതിരേ പോരാടണമെന്ന് ഡെവി ബഹുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് ഗാന്ധിയോ അംബദ്കറോ ജീവിച്ചിരുന്നുവെങ്കില്‍ അവര്‍ ഇതിന്റെ പേരില്‍ കോപാകുലരായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂട്ടാനില്‍ നിന്നും നേപ്പാളില്‍ നിന്നും നിരവധി പേര്‍ ഇന്ത്യയില്‍ വരുന്നു. എന്തുകൊണ്ടാണ് അവരെ ഈ നിയമത്തില്‍ ഉള്‍പ്പെടുത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ദലൈലാമയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ബുദ്ധന്മാരെത്തി. അവര്‍ക്ക് പൗരത്വ നല്‍കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല. തീര്‍ച്ചയായും ഇവിടെ എത്തിച്ചേരുന്നവരോട് നാം കരുണ കാണിക്കണം. പക്ഷേ, അത് തെറ്റായ തരംതിരിവോടെയാവരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.




Tags:    

Similar News