സംസ്ഥാനത്തും വീണ്ടും സര്‍ക്കാര്‍ വിലാസം തടങ്കല്‍ പാളയങ്ങള്‍; പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ച് ഇടതു സര്‍ക്കാര്‍

ഒന്നര വര്‍ഷം മുന്‍പ് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡിറ്റെന്‍ഷന്‍ സെന്റര്‍ നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്

Update: 2021-06-09 04:50 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമങ്ങളുടേയും അനുബന്ധ നടപടികളുടേയും പശ്ചാത്തലത്തില്‍ കേരളത്തിലും തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷം മുന്‍പ് സംസ്ഥാനത്തും തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ നിര്‍ത്തിവച്ച നടപടിക്രമങ്ങളാണ് ഇപ്പോള്‍ പുനരാംരംഭിക്കുന്നത്.

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ തിരുവനന്തപുരത്തും തൃശ്ശൂരും തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാനാണ് ഇപ്പോള്‍ പുനര്‍വിജ്ഞാപനം പുറപ്പിടുവിച്ചിരിക്കുന്നത്. 

'അനധികൃതമായി രാജ്യത്ത്് പ്രവേശിക്കുന്ന വിദേശികളേയും പാസ്‌പോര്‍ട്ട് വിസ കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്ന വിദേശികളേയും ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ച് പോകുന്നതിനുള്ള നിയമനടപടികള്‍ക്കായി കാത്തുകിടക്കുന്ന വിദേശികളെയും അവര്‍ രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി സംസ്ഥാന തലത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഒരു ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഈ സാഹചര്യത്തില്‍, ഒരു സമയം പരമാവധി പത്തുപേര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കഴിയുന്ന ഒരു ഡിറ്റന്‍ഷന്‍ സെന്റര്‍ തിരുവനന്തപുരം അല്ലെങ്കില്‍ തൃശൂര്‍ ജില്ലയില്‍ ആരംഭിക്കുന്നതിന് താല്‍പര്യമുള്ള സംഘടനകള്‍ ഈ മാസം 15ന് മുന്‍പ് പ്രൊപ്പോസല്‍ നല്‍കണം'- സാമൂഹിക നീതി വകുപ്പ് ഡയക്ടറുടെ വിജ്ഞാപനത്തില്‍ പറയുന്നു. സിസിടിവിക്ക് പുറമെ ശക്തമായ കമ്പിവേലിലും ഒരുക്കണം. സംസ്ഥാന പോലിസിനായിരിക്കും സുരക്ഷ ചുമതലയെന്നും പുനര്‍വിജ്ഞാപനത്തില്‍ പറയുന്നു.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ സന്നദ്ധസംഘടനകളില്‍ നിന്നാണ് പ്രൊപ്പോസല്‍ ക്ഷണിച്ചിരിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സന്നദ്ധ സംഘടകള്‍ ചെയ്യുന്നതെന്ന് ചോദ്യമുയരുന്നുണ്ട്. പക്ഷേ, ഡിറ്റന്‍ഷന്‍ സെന്റര്‍ എന്ന വാക്കു തന്നെയാണ് പുനര്‍വിജ്ഞാപനത്തില്‍ പറയുന്നത്. ഇതിന്റെ അര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് തടങ്കല്‍പാളയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്നാണ്.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ തടങ്കല്‍പാളയങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തടങ്കല്‍പാളയങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കില്ലെന്ന് ഈ തിരഞ്ഞെടുപ്പ് വേളയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.

പൗരത്വ നിയമത്തില്‍ പശ്ചാത്തലത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ വലിയ തടങ്കല്‍പാളയങ്ങള്‍ ഒരുക്കിയിരുന്നു.

Tags: