സിന്‍ജിയാങിലെ തടങ്കല്‍പ്പാളയം ; ഓരോ വര്‍ഷവും 25000 വൈഗൂര്‍ മുസ്‌ലിംകളെ അവയവ വില്‍പ്പനക്കായി ചൈന കൊലപ്പെടുത്തുന്നു

സിന്‍ജിയാങ് മേഖലയിലെ പത്ത് ലക്ഷത്തോളം മുസ്‌ലിംകളെ ഭരണകൂടം അവിടെ തടഞ്ഞുവച്ചിരിക്കയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരിലുള്ള ആസൂത്രിതമായ വംശഹത്യ

Update: 2020-12-04 14:13 GMT

സിന്‍ജിയാങ്: സിന്‍ജിയാങില്‍ ചൈനീസ് അധികൃതര്‍ തടവിലാക്കിയ വൈഗൂര്‍ മുസ്‌ലിംകളെ അവയവങ്ങളെടുത്ത് വില്‍പ്പ നടത്താന്‍ ഉപയോഗിക്കുന്നതായി തടവില്‍ നിന്നും നിന്നും രക്ഷപ്പെട്ട വൈഗൂര്‍ മുസ്‌ലിമിന്റെ വെളിപ്പെടുത്തല്‍. സിന്‍ജിയാങിലെ തടവു കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ തുര്‍ക്കിയില്‍ കഴിയുന്ന ഒമര്‍ ബെകാലിയാണ് ചൈനീസ് അധികൃതര്‍ വൈഗൂര്‍ മുസ്‌ലിംകളോട് തുടരുന്ന പൈശാചിക കൃത്യങ്ങള്‍ വെളിപ്പെടുത്തിയത്.


ലക്ഷക്കണക്കിനു വൈഗൂര്‍ മുസ്‌ലിംകളെ ഇപ്പോഴും തടവിലിട്ട കേന്ദ്രങ്ങളെ വിദ്യാഭ്യാസ ക്യാംപുകളെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. എന്നാല്‍ അവിടെ കൊടിയ പീഡനമാണ് വൈഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിന്‍ജിയാങ് മേഖലയിലെ പത്ത് ലക്ഷത്തോളം മുസ്‌ലിംകളെ ഭരണകൂടം അവിടെ തടഞ്ഞുവച്ചിരിക്കയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരിലുള്ള ആസൂത്രിതമായ വംശഹത്യ.


തടവിലിട്ട സമയത്ത് തന്റെ കൈകളില്‍ ചുറ്റികകൊണ്ട് അടിച്ചുവെന്നും ഇരുമ്പിന്റെ ചാട്ടകൊണ്ട് ശരീരത്തില്‍ അടിച്ചുവെന്നും ഒമര്‍ ബെകാലി പറഞ്ഞു. പീന്നീട് തലകീഴായി കെട്ടിത്തൂക്കിയും മര്‍ദ്ദിച്ചു. നിലത്തിറക്കിയ ശേഷം കൈകള്‍ ബന്ധിച്ച്, ഒരു കറുത്ത തുണി കൊണ്ട് മുഖവും മൂടി. ഒരു ഡോക്ടര്‍ വന്ന് രക്തം എടുത്തുവെന്നും ഉമര്‍ പറഞ്ഞു. കസേരയില്‍ കെട്ടിയിട്ട ശേഷം കെകള്‍ ചുറ്റികകൊണ്ട് അടിച്ച് പൊട്ടിക്കുകയും, ഇരുമ്പ് ചമ്മട്ടികൊണ്ട് എന്റെ ശരീരം മുഴുവന്‍ അടിക്കുകയും ചെയ്തു. സഹതടവുകാരായ ആയിരക്കണക്കിനു പേരുടെ അവയവങ്ങള്‍ അനധികൃതമായി നീക്കം ചെയ്ത് കച്ചവടം നടത്തിയതായും അദ്ദേഹം പറഞ്ഞതായി മിറര്‍ യുകെ റിപോര്‍ട്ട് ചെയ്തു.


ടൂറിസം കമ്പനി നടത്തിയിരുന്ന ഉമര്‍ ജോലിയുടെ ഭാഗമായി ചൈനയിലേക്ക് പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. 2017 മാര്‍ച്ചില്‍ സിന്‍ജിയാങ്ങിലെ ടര്‍പാനിലുള്ള മാതാവിനെ കാണാന്‍ പോയപ്പോഴാണ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടിച്ച് കൊണ്ടുപോയത്. 'തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നു' എന്നാരോപിച്ചായിരുന്നു അറസ്റ്റ്. എട്ട് ദിവസം അദ്ദേഹം ലോക്കപ്പില്‍ കിടന്നു. ഏഴു മാസവും പത്തു ദിവസവും തടങ്കല്‍പ്പാളയത്തില്‍ അടച്ചു.


'ആദ്യത്തെ മൂന്ന് മാസം അവര്‍ എന്നെ ചങ്ങലയ്ക്കിട്ടു. ചങ്ങല ഒരു വടിയുമായി ബന്ധിപ്പിച്ചിരുന്നു. എനിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. അവിടെ കിടന്ന് മരിച്ചു പോകുമോ എന്ന് ഞാന്‍ ഭയന്നു. ഞാന്‍ ഒരു തീവ്രവാദ സംഘടനയുടെ ഭാഗമാണെന്ന് സമ്മതിപ്പിക്കാനാണ് അവര്‍ എന്നെ പീഡിപ്പിച്ചത്' ഉമര്‍ പറഞ്ഞു. ഭര്‍ത്താവിനെ തടവിലാക്കിയതിനെ ക്കുറിച്ച് കസാക്കിസ്ഥാനിലെ റേഡിയോയില്‍ ഭാര്യ സംസാരിക്കുകയും രാജ്യത്തെ ചൈനീസ് അംബാസഡറിന് കത്തെഴുതുകയും ചെയ്ത ശേഷമാണ് ഉമറിനെ വിട്ടയച്ചത്. മോചിതനായ ശേഷം അദ്ദേഹം തുര്‍ക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.


സിന്‍ജിയാങ്ങിലെ വൈഗൂറുകളെ കൂട്ടത്തോടെ തടവിലാക്കുന്നതും ചൈനയില്‍ അവയവമാറ്റ ശസ്ത്രക്രിയയുടെ എണ്ണം വര്‍ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് കാന്‍ബെറയിലെ ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായ മാത്യു റോബര്‍ട്ട്‌സണ്‍ പറയുന്നു. അവയവങ്ങളുടെ ആരോഗ്യത്തെ വിലയിരുത്തുന്നതിന് ആവശ്യമായ രക്തപരിശോധനയും മറ്റ് മെഡിക്കല്‍ പരിശോധനകളും നടത്തിയ ശേഷമാണ് തടവിലടച്ചവരില്‍ നിന്നും അവയവങ്ങള്‍ എടുക്കുന്നത്. സ്വതന്ത്ര ഗവേഷകനായ എതാന്‍ ഗുട്ട്മാന്‍ പറയുന്നത് അവയവങ്ങളെടുക്കാന്‍ വേണ്ടി സിന്‍ജിയാങ് തടങ്കല്‍പ്പാളയത്തില്‍ പ്രതിവര്‍ഷം 25,000 പേരെങ്കിലും ചൈനീസ് അധികൃതര്‍ കൊല്ലപ്പെടുത്തുന്നുണ്ട് എന്നാണ്. അവരുടെ അവയവങ്ങള്‍ കച്ചവടം ചെയ്യുപ്പെടുകയാണെന്നും ഗുട്ട്മാന്‍ അഭിപ്രായപ്പെടുന്നു.




Tags: