മൊബൈല്‍ ഫോണിലെഴുതിയ അഭയാര്‍ഥിയുടെ പുസ്തകത്തിന് ആസ്‌ത്രേലിയയിലെ ഉന്നത സാഹിത്യ പുരസ്‌കാരം

ആറുവര്‍ഷമായി ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പപ്പുവ ന്യൂഗിനിയിലെ തടവറയില്‍ കഴിയുന്ന ഇറാനിയന്‍ പൗരന്‍ ബെഹ്‌റൂസ് ബൂച്ചാനിയാണ് ഈ സ്വപ്‌ന നേട്ടത്തിനുടമ.

Update: 2019-02-01 17:33 GMT

മെല്‍ബണ്‍: വര്‍ഷങ്ങളായി പസഫിക്കിലെ ഒറ്റപ്പെട്ട തടവ് കേന്ദ്രത്തില്‍ കഴിയുന്ന ഇറാനിയന്‍ അഭയാര്‍ഥി മൊബൈല്‍ ഫോണിലൂടെ എഴുതിയ പുസ്തകത്തിന് ആസ്‌ത്രേലിയയിലെ ഉന്നത സാഹിത്യ പുരസ്‌കാരം.ആറുവര്‍ഷമായി ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പപ്പുവ ന്യൂഗിനിയിലെ തടവറയില്‍ കഴിയുന്ന ഇറാനിയന്‍ പൗരന്‍ ബെഹ്‌റൂസ് ബൂച്ചാനിയാണ് ഈ സ്വപ്‌ന നേട്ടത്തിനുടമ. നോ ഫ്രന്റ്‌സ് ബട്ട് ദ മൗണ്ടയ്ന്‍സ് എന്ന ഇദ്ദേഹത്തിന്റെ പ്രഥമ പുസ്തകത്തിനാണ് 78 ലക്ഷം രൂപയിലധികം സമ്മാനത്തുകയുള്ള വിക്ടോറിയന്‍ പുരസ്‌കാരം ലഭിച്ചത്.

മല്‍സ്യബന്ധന യാനത്തില്‍ ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആറുവര്‍ഷം മുമ്പ് ബൂച്ചാനി ആസ്‌ത്രേലിയന്‍ തീരസേന പിടികൂടി നൗറു ദ്വീപിലെ തടവറയില്‍ അടച്ചത്. മാതൃഭാഷയായ ഫാര്‍സിയില്‍ മൊബൈല്‍ ഫോണിലെഴുതി ആസ്‌ത്രേലിയയിലെ പരിഭാഷകന് വാട്ട്‌സ്ആപ്പിലൂടെ അയച്ച് നല്‍കുകയായിരുന്നു ബൂച്ചാനി. ആസ്‌ത്രേലിയന്‍ സര്‍ക്കാറിന് കീഴില്‍ പസഫിക് ദ്വീപ് സമൂഹങ്ങളിലെ തടവറകളില്‍ കഴിയുന്ന ആയിരത്തിലധികം വരുന്ന അഭയാര്‍ഥികളുടെ പ്രശ്‌നത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരുന്നതാണ് ബൂച്ചാനിയുടെ പുരസ്‌കാര ലബ്ദി.

തന്റെ നേട്ടം ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും തനിക്ക് ചുറ്റും ഇപ്പോഴും നിഷ്‌കളങ്കരായ നിരവധി വേദന തിന്ന് കഴിയുകയാണെന്നും റോയിട്ടേഴ്‌സിന് അയച്ച സന്ദേശത്തില്‍ ബൂച്ചാനി വ്യക്തമാക്കി. ആസ്‌ത്രേലിയയുടെ കടുത്ത കുടിയേറ്റ നയങ്ങള്‍ക്ക് കീഴില്‍ അഭയാര്‍ഥികളെ തടവറകളില്‍ തള്ളുന്ന നടപടിയുടെ കടുത്ത വിമര്‍ശകനാണ് ബൂച്ചാനി. തന്റെ ഏറ്റവും വലിയ ഭയങ്ങളിലൊന്ന് താന്‍ രചന നടത്തുന്ന തന്റെ മൊബൈല്‍ പാറാവുകാര്‍ പിടിച്ചെടുക്കുമോ എന്നതാണെന്നു അദ്ദേഹം പറഞ്ഞു.ആസ്‌ത്രേലിയയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Tags:    

Similar News