ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ്
നാഗ്പൂര്‍: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയ സംഭവം രാഷ്ട്രീയപ്രേരിതല്ലെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്. അജിത് പവാറിനെതിരേ നടക്കുന്നത് രാഷ്ട്രീയ അന്വേഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഹൈക്കോടതിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എഫ്‌ഐആര്‍ ഇട്ടത്. പവാറിനെതിരേയുള്ളത് സാമ്പത്തിക കുറ്റകൃത്യമായതിനാലാണ് ഇ ഡി കേസെടുത്തത്. ഇത് രാഷ്ട്രീയപ്രേരിതമായ അന്വേഷണമല്ല. രാഷ്ട്രീയകാരണങ്ങളാലല്ല അന്വേഷണം നടക്കുന്നതും- ഫട്‌നാവിസ് പറഞ്ഞു.
ഏത് പാര്‍ട്ടിക്കും ആര്‍ക്കെതിരേയും അന്വേഷണം ആവശ്യപ്പെടാം. അജിത് പവാറിനെ ജയിലിലടക്കണമെന്ന ഒരു ആവശ്യമോ പ്രമേയമോ ബിജെപി പാസ്സാക്കിയിട്ടില്ല. സിബിഐ അന്വേണഷം ആവശ്യപ്പെട്ട് ഞങ്ങളുടെ സംസ്ഥാനപ്രസിഡന്റ് ചന്ദ്രകാന്ത പാട്ടീല്‍ അമിത് ഷാക്ക് കത്തെഴുതിയിരുന്നു. അതില്‍ പ്രത്യേകിച്ച് തെറ്റൊന്നുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പവാറിന്റെ 65.75 കോടി രൂപ വിലവരുന്ന ആസ്തി കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി കണ്ടുകെട്ടിയിരുന്നു.