കര്‍ഷകര്‍ക്ക് 50 ശതമാനം അധികവരുമാനം ഉറപ്പാക്കാനുള്ള പദ്ധതികളുമായി കൃഷിവകുപ്പ്

Update: 2021-09-05 05:38 GMT

ആലപ്പുഴ: കര്‍ഷകര്‍ക്ക് നിലവിലെ വരുമാനത്തിന്റെ 50% എങ്കിലും അധികവരുമാനം ലഭിക്കാന്‍ പ്രാപ്തമാകുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ചേര്‍ത്തല മത്സ്യഭവന്റെ മേല്‍നോട്ടത്തില്‍ വയലാര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പി. ജി. സുദര്‍ശനന്‍ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

വിവിധ കാര്‍ഷിക മേഖലകളെ പരസ്പരം ബന്ധപ്പെടുത്തി സമ്മിശ്ര കൃഷി രീതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വയലാര്‍, പട്ടണക്കാട് ഉള്‍പ്പെടെ ചേര്‍ത്തല മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങള്‍ സമ്മിശ്ര കൃഷിരീതിക്ക് ഏറ്റവും അനുയോജ്യമായതാണ്. ഇത്തരം മേഖലകളില്‍ സമ്മിശ്ര കൃഷി രീതി കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനകീയ മത്സ്യകൃഷി പോലുള്ള പദ്ധതികള്‍ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2020-21 ജനകീയ മത്സ്യകൃഷി പദ്ധതിവഴി നടപ്പാക്കിയ ഓരുജല സമ്മിശ്ര മത്സ്യകൃഷിയാണ് വയലാര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടത്തിയത്. ഒരേക്കര്‍ സ്ഥലത്ത് നടത്തിയ മത്സ്യ കൃഷിക്കായി അടിസ്ഥാന സൗകര്യ വികസനം, ആവര്‍ത്തന ചെലവ്, കൃഷിക്കാവശ്യമായ മീന്‍ കുഞ്ഞുങ്ങള്‍ എന്നിവ ഉള്‍പ്പെടെ 40 ശതമാനം സബ്‌സിഡിയാണ് ഫിഷറീസ് വകുപ്പ് നല്‍കിയത്. ഒപ്പം കൃഷിക്കാവശ്യമായ സാങ്കേതിക സഹായങ്ങളും ചേര്‍ത്തല മത്സ്യഭവന്‍ നല്‍കി.

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി, പ്രധാനമന്ത്രി മത്സ്യ സമ്പാദ്യ യോജന തുടങ്ങിയ പദ്ധതികള്‍ വഴി ചേര്‍ത്തല മത്സ്യ ഭവന്റെ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ മത്സ്യകൃഷികളുടെ വിളവെടുപ്പും ഇതോടൊപ്പം ആരഭിച്ചിട്ടുണ്ട്.

Tags:    

Similar News