ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ വൈകാന്‍ സാധ്യത, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Update: 2026-02-03 06:06 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്. ഇന്ന് രാവിലെ ദൃശ്യപരത ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത കുറച്ച് ദിവസങ്ങളില്‍ തുടര്‍ച്ചയായ കാലാവസ്ഥാ തടസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

മൂടല്‍മഞ്ഞിന്റെ ശക്തി വര്‍ധിച്ചതോടെ താപനിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ഇന്നത്തെ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില എട്ടു ഡിഗ്രി സെല്‍ഷ്യസുമാണ്. ദൃശ്യപരത കുറഞ്ഞതിനാല്‍ വിമാന സര്‍വീസുകളില്‍ കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനങ്ങളുടെ പുറപ്പെടല്‍ സമയം നിരന്തരം പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

അതേസമയം, തലസ്ഥാനത്തെ വായു ഗുണനിലവാരം ആശങ്കാജനകമായി തുടരുകയാണ്. രാവിലെ ഏഴു മണിവരെ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 254 ആയി രേഖപ്പെടുത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം വായു ഗുണനിലവാരം 'മോശം' വിഭാഗത്തിലാണ്. ഇന്നലെ നഗരത്തിലെ ശരാശരി എക്യുഐ 188 ആയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 21 മോണിറ്ററിംഗ് സ്‌റ്റേഷനുകളില്‍ 'മിതമായ' വായു ഗുണനിലവാരവും 16 സ്‌റ്റേഷനുകളില്‍ 'മോശം' വിഭാഗത്തിലുള്ള വായു ഗുണനിലവാരവുമാണ് രേഖപ്പെടുത്തിയത്.

Tags: