അടിക്കടി മഴ: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളി; സംസ്ഥാനത്ത് ഡങ്കിപ്പനി ബാധിതര്‍ കൂടുന്നു

ഈ വര്‍ഷം 8849പേരാണ് രോഗ ലക്ഷണങ്ങളുമായി ചികില്‍സ തേടിയത്. രോഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോഗം സ്ഥീകരിച്ച 12 പേരും ഉള്‍പ്പെടെ 31 പേരാണ് മരിച്ചത്.

Update: 2021-11-03 07:12 GMT

തിരുവനന്തപുരം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു. അടിക്കടി ഉള്ള മഴയും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതും രോഗ വ്യാപനത്തിന് കാരണമായി. കഴിഞ്ഞ 2 മാസമായി രോഗ ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യകത്മാക്കുന്നത്. ഈഡിസ് കൊതുകുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും. രാജ്യത്ത് ആകെ റിപോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും കേരളം ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിനൊപ്പം സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കേന്ദ്രസംഘം ആരോഗ്യ മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കും.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 2783പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. എന്നാല്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയവരുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 8849പേരാണ് രോഗ ലക്ഷണങ്ങളുമായി ചികില്‍സ തേടിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. രോഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോഗം സ്ഥീകരിച്ച 12 പേരും ഉള്‍പ്പെടെ 31 പേരാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിയന്ത്രണ വിധേയമായിരുന്നു ഡെങ്കിപ്പനി. അതിന് കാരണം കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളായിരുന്നു. ജനങ്ങളുടെ സഞ്ചാരമെല്ലാം കുറഞ്ഞ സാഹചര്യത്തില്‍ അന്ന് രോഗ പകര്‍ച്ചയും കുറവായിരുന്നു. 2017ലാണ് കേരളത്തില്‍ അവസാനമായി ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചത്. അതിനുശേഷം 2020ലും 2021 ലും വലിയ രോഗ പകര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍ കാത്തു.

അടിക്കടിയുള്ള മഴ രോഗ വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ പെരുകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളാകട്ടെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നടത്തിയിട്ടുമില്ല. ഇതോടെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടി. ജനം പഴയപോലെ സഞ്ചാരം തുടങ്ങിയതോടെ ഡെങ്കിപ്പനി പടരാനും തുടങ്ങി.

നിലവിലെ സാഹചര്യത്തില്‍ വരാനിരിക്കുന്ന മണ്‍സൂണ്‍ കാലം അതീവ ജാഗ്രത വേണ്ട സമയമാണ്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വരുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡെങ്കിപ്പനി വലിയ തോതില്‍ പടരും. മരണ നിരക്കും ഉയരും. കൊതുകു നിവാരണം ഉള്‍പ്പെടെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ പകര്‍ച്ചവ്യാധിയാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

Tags: