ഹിജാബ് ധരിക്കാത്ത സ്തീകള്‍ അപമാനം; താലിബാന് പിന്തുണയുമായി കാബൂളില്‍ അഫ്ഗാന്‍ വനിതകളുടെ പ്രകടനം

ഹിജാബ് ധരിക്കാത്ത സ്തീകള്‍ അപമാനമാണെന്നും അഫ്ഗാന് പുറത്തുള്ള സ്ത്രീകള്‍ ഇവിടുത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ഇവര്‍ പറഞ്ഞു.

Update: 2021-09-13 06:44 GMT

കാബൂള്‍: താലിബാന്‍ ഭരണകൂടത്തിന് പിന്തുണയുമായി അഫ്ഗാന്‍ സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും പൂര്‍ണമായി മറച്ച് പര്‍ദ്ദയണിഞ്ഞ് എത്തിയ മൂന്നൂറോളം സ്ത്രീകളാണ് കാബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ ഒത്തുകൂടി താലിബാന് പിന്തുണ പ്രഖ്യാപിച്ചത്.


മുഖവും ശരീരവും മറച്ച് ജീവിക്കുന്നതില്‍ സന്തോഷമാണെന്നും മുന്‍ സര്‍ക്കാര്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ വര്‍ധിച്ചതായും പരിപാടിയില്‍ പങ്കെടുത്തവര്‍ അവകാശപ്പെട്ടു.ഹിജാബ് ധരിക്കാത്ത സ്തീകള്‍ അപമാനമാണെന്നും അഫ്ഗാന് പുറത്തുള്ള സ്ത്രീകള്‍ ഇവിടുത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ഇവര്‍ പറഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തിന് എതിരായ താലിബാന്‍ നേതാക്കള്‍ നടത്തിയ പ്രസംഗത്തിനിടെ ഇവര്‍ താലിബാന്‍ പതാക ഉയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്തു.


കഴിഞ്ഞ ദിവസങ്ങളില്‍ കാബൂളില്‍ താലിബാന് എതിരെ സ്ത്രീകള്‍ പ്രകടനം നടത്തിയിരുന്നു. തങ്ങള്‍ ഈ പ്രതിഷേധത്തിന് എതിരാണെന്നും സ്ത്രീകളുടെ ശരീര സൗന്ദര്യം കണ്ടാണ് സമരക്കാര്‍ അവരെ തെരുവിലേക്ക് ക്ഷണിക്കുന്നതെന്നും പരിപാടിയില്‍ പങ്കെടുത്ത ഒരു യുവതി പറഞ്ഞു.



Tags: