എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രനിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

Update: 2026-02-25 08:28 GMT

കൊച്ചി: കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്രനിലപാടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനം നിര്‍ദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എയിംസ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനം എടുത്തിട്ടില്ലേ എന്നും എന്തുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നതെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ നാലാഴ്ച വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തില്‍, അത്രയും സമയം നല്‍കാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓണ്‍ലൈനായി ഹാജരാകണമെന്നും സാധ്യതാ പഠനം സംബന്ധിച്ച് മറുപടി നല്‍കാനുമാണ് നിര്‍ദേശം.

എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല. സാധ്യതാ പഠനം വൈകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. സാധ്യതാ പഠനത്തിന്റെ കാര്യത്തില്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയാണ് ഹരജി നല്‍കിയത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനോട് സാധ്യതാ പഠനം നടത്തി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നത്.

കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന് എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റില്‍ പരിഗണിക്കാതിരുന്നതില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ടു പതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അനുവദിക്കണമെന്ന് സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

Tags: