ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കോളജ് അധികൃതര്‍ക്കെതിരേ ആരോപണം
കോളജിലെത്തുന്ന ഒന്നാം വര്‍ഷക്കാര്‍ക്ക് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ്് കൊടുക്കാന്‍ വേണ്ടി ഈ കുട്ടിയോട് കോളജ് ഹോസ്റ്റല്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സ്റ്റുഡന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ ഉണ്ണിമായ തേജസ് ന്യൂസിനോട് പറഞ്ഞു
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ ലേഡി ശ്രീ റാം(എല്‍എസ്ആര്‍) കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും തെലങ്കാന സ്വദേശിനിയുമായ ഐശ്വര്യ ജീവനൊടുക്കാന്‍ കാരണം അധികൃതരുടെ അനാസ്ഥയാണന്ന് കോളജിലെ സ്റ്റുഡന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ ഉണ്ണിമായ തേജസ് ന്യൂസിനോട് പറഞ്ഞു. തെലങ്കാന സംസ്ഥാനത്ത് നിന്നു മികച്ച മാര്‍ക്ക് വാങ്ങിയാണ് ഐശ്വര്യ ഈ കോളജില്‍ പ്രവേശനം നേടിയിരുന്നത്. കോളജിലെത്തുന്ന ഒന്നാം വര്‍ഷക്കാര്‍ക്ക് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ്് കൊടുക്കാന്‍ വേണ്ടി ഈ കുട്ടിയോട് കോളജ് ഹോസ്റ്റല്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കാരണം സ്വന്തം നാട്ടില്‍ നിന്നു വന്ന് ഹോസ്റ്റല്‍ ഒഴിഞ്ഞ് കൊടുത്താല്‍ തന്നെ വലിയ തുക വാടക കൊടുത്ത് താമസിച്ച് പഠിക്കാനുള്ള സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല വിദ്യാര്‍ഥിനിയുടെ കുടുംബം. ദിനംപ്രതി 400 രൂപയ്ക്കു ജോലി ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കാണ് പിതാവ്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുാനുള്ള സൗകര്യമുള്ള ഫോണ്‍ പോലും ഐശ്വര്യയ്ക്കുണ്ടായിരുന്നില്ല. സംസ്ഥാനത്തെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാത്തതും പഠിക്കാന്‍ റെക്കോഡ് ചെയ്ത ക്ലാസില്ലാത്തതുമാണ് ഐശ്വര്യയെ സ്വയം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവും വ്യക്തമാക്കി.
വീടും സ്വര്‍ണവും പണയം വച്ചാണ് രക്ഷിതാക്കള്‍ മകളെ ഡല്‍ഹിയില്‍ പഠിക്കാന്‍ അയച്ചത്. മിടുക്കിയായ ചേച്ചിയെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കാന്‍ ഏഴാം ക്ലാസില്‍ വച്ച് ഇളയ സഹോദരി വൈഷ്ണവി പഠനം നിര്‍ത്തുകയായിരുന്നു. സെക്കന്റ് ഹാന്റ് ലാപ്ടോപ് വാങ്ങാനുള്ള കഴിവ് പോലും പിതാവിനുണ്ടായിരുന്നില്ല. പഠനത്തില്‍ മിടുക്കിയായിരുന്ന ഐശ്വര്യയ്ക്കു സിവില്‍ സര്‍വീസില്‍ എത്തിപ്പെടാനായിരുന്നു ആഗ്രഹിച്ചിരുന്നത്.
അതേസമയം, വിദ്യാര്‍ത്ഥിനി പരിഹാരത്തിനായി തങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തക്കതായ സംവിധാനമുള്ള സ്ഥാപനമാണ് എല്‍എസ്ആര്‍ എന്നും അവര്‍ പറഞ്ഞു.
Delhi University student's suicide: Allegation against college authorities
