കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളും
ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതിക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളും. ഡല്‍ഹി നിയമ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹി സിന്ധു അതിര്‍ത്തിയിലെത്തിയത്. അവര്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതുപോലുള്ള സേവനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
മറ്റ് സമയങ്ങളില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള നിരവധി പോസ്റ്ററുകളും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി.
കര്‍ഷകര്‍ സമരാവേശത്തിലാണെന്നും കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യപ്പെടുന്നതിന്റെ ഭാഗമാണ് തങ്ങളുടെ സന്ദര്‍ശനമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകര്‍ തങ്ങള്‍ക്ക് പ്രചോദമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിരവധിപേര്‍ പഞ്ചാബില്‍ നിന്ന് വന്നവരുമുണ്ട്. കര്‍ഷകരെ പിന്തുണയ്ക്കുന്നത് തങ്ങളുടെ കടമയാണെന്നും ചിലര്‍ പറഞ്ഞു.
ഓരോ ദിവസവും അമ്പതോളം കുട്ടികളാണ് സമരം നടക്കുന്ന മൈതാനത്തെത്തുന്നത്. അവര്‍ പ്രായമായവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ പ്രായമായ സ്ത്രീകളുടെ കാര്യങ്ങളും ശ്രദ്ധിക്കുന്നു.
സമരം നടക്കുന്ന പ്രദേശത്തിനടുത്തുള്ള കോളജുകളില്‍ നിന്നുള്ള നിരവധി പേര്‍ കര്‍ഷകര്‍ക്ക് പിന്തുണയായി എത്തിയിട്ടുണ്ട്.
കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് അനുരജ്ഞന ചര്‍ച്ചകള്‍ നടന്നെങ്കിലും എല്ലാം സമവായത്തിലെത്താതെ പിരിയുകയായിരുന്നു.
