ഡല്‍ഹി കലാപം:പിഞ്ച്റ തോഡ് അംഗങ്ങളുടെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാറില്‍ നിന്നും പ്രതികരണം തേടി

നേരത്തെ ദേവംഗന കലിതയുടേയും നതാഷ നര്‍വാളിന്റേയും ജാമ്യാപേക്ഷ ജനുവരി 28 ന് കോടതി തള്ളിയിരുന്നു.

Update: 2021-02-20 04:22 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഡല്‍ഹി പോലിസ് അറസ്റ്റു ചെയ്ത പിഞ്ച്റ തോഡ് അംഗങ്ങളായ ദേവംഗന കലിത, നതാഷ നര്‍വാള്‍ എന്നിവരുടെ അപ്പീലില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും ഡല്‍ഹി ഹൈക്കോടതി പ്രതികരണം തേടി. ജാമ്യാപേക്ഷ നിരസിച്ചതിന് എതിരെയാണ് ദേവംഗനയും നതാഷയും അപ്പീല്‍ നല്‍കിയത്. കേസ് വാദം കേള്‍ക്കാനായി ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുള്‍, അനുപ് ജെ ഭാംബാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മാര്‍ച്ച് 10ലേക്ക് മാറ്റിവച്ചു. പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ അദിത് എസ് പൂജാരി കേസ് അന്വേഷണം ശരിയായ ദിശയിലല്ല നടത്തുന്നതെന്ന് ആരോപിച്ചു.


നേരത്തെ ദേവംഗന കലിതയുടേയും നതാഷ നര്‍വാളിന്റേയും ജാമ്യാപേക്ഷ ജനുവരി 28 ന് കോടതി തള്ളിയിരുന്നു. ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ ശരിയാണെന്നും തീവ്രവാദ വിരുദ്ധ നിയമത്തിലെ വ്യവസ്ഥകള്‍ ശരിയായി നടപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് ജാമ്യാപേക്ഷ നിരസിച്ചത്.


കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജാഫറാബാദ് പ്രദേശത്ത് നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മെയ് 23നാണ് കലിതയെയും നര്‍വാളിനെയും അറസ്റ്റ് ചെയ്തത്. ഒരു ദിവസത്തിന് ശേഷം ഡല്‍ഹി കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. കോടതിയുടെ ഉത്തരവിന് തൊട്ടുപിന്നാലെ, ഇവരെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പോലീസ് അപേക്ഷ സമര്‍പ്പിക്കുകയും അക്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.





Tags:    

Similar News