ഡല്‍ഹി വീണ്ടും കൊവിഡ് തരംഗത്തിലേക്ക്; ഇന്നത്തോടെ പ്രതിദിന രോഗബാധ 10,000 കടക്കുമെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ മുന്നറിയിപ്പ്

Update: 2022-01-05 06:52 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം 10,000മായേക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍. പോസിറ്റിവിറ്റിനിരക്ക് 10 ശതമാനമായി മാറിയിട്ടുണ്ട്. നൂറ് പേരെ പരിശോധിക്കുമ്പോള്‍ എത്ര പേര്‍ക്ക് രോഗബാധയുണ്ടാവുന്നുവെന്നതിന്റെ അളവാണ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ ദിവസം തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 8.3 ശതമാനമായിരുന്നു. തിങ്കളാഴ്ച മുതല്‍ പോസിറ്റിവിറ്റി നിരക്കില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 6.46 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്.

ഡല്‍ഹിയില്‍ ഇത് അഞ്ചാം തരംഗമാണെന്നും രാജ്യം മൂന്നാം തരംഗത്തിലാണെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോണ്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ തീവ്രമല്ലെങ്കിലും ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹിയിലെ ആശുപത്രികളില്‍ 40 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കും.

അടുത്ത ദിവസങ്ങളില്‍ രോഗവ്യാപനം രൂക്ഷമായേക്കുമെന്നാണ് കരുതുന്നത്.

തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു.

സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു.

അവധി ദിവസത്തിലെ കര്‍ഫ്യൂവിനു പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പദ്ധതിയും നടപ്പിലാക്കും. കൊവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപനം ഭീതിപ്പെടുത്തുന്ന പശ്ചാതലത്തിലാണ് രാജ്യ തലസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. എന്നാല്‍ ഡല്‍ഹി മെട്രോ, സര്‍വീസ് നടത്തുന്ന ബസ്സ് എന്നിവയില്‍ ആളുകളെ സീറ്റ് കപ്പാസിറ്റി അനുസരിച്ച് കയറ്റാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇവകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിശ്കര്‍ഷിക്കുന്നില്ല. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുന്നതോടൊപ്പം മിക്കവാറും ഓഫിസുകളില്‍ പകുതി ജീവനക്കാരെ മാത്രം എത്തിക്കുന്ന രീതി സ്വീകരിക്കാനാകുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീശ് സിസോദിയ പറഞ്ഞു.

ശനി,ഞായര്‍ ദിവസങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്ന് ഉപമുഖ്യ മന്ത്രി മനീശ് സിസോദിയ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News