ആരെയും കൈയേറ്റം ചെയ്തില്ല,മാര്‍ച്ച് നടത്തിയവരെ തടയുക മാത്രമാണ് ചെയ്തത്;പാര്‍ലമെന്റ് സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പോലിസ്

Update: 2022-03-24 10:01 GMT

ന്യൂഡല്‍ഹി:കെ റെയിലിനെതിരേ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവുമായെത്തിയ എംപിമാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പോലിസ്.എംപിമാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ വിസമ്മതിച്ചെന്നും, മുദ്രാവാക്യവുമായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയവരെ തടയുകയാണ് ചെയ്തതെന്നും ഡല്‍ഹി പോലിസ്.

കെ റെയില്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാര്‍ക്ക് മര്‍ദ്ദനമേറ്റ പരാതിയിലാണ് പോലിസിന്റെ വിശദീകരണം.എംപിമാരെ കയ്യേറ്റം ചെയ്തത് ഗൗരവമേറിയ പ്രശ്‌നമെന്നു ലോക്‌സഭ സ്പീക്കര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വ്യക്തമാക്കി.

കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ഡല്‍ഹി പോലിസ് അതിക്രമം ഉണ്ടായത്.പോലിസ് ഉദ്യോഗസ്ഥന്‍ ഹൈബി ഈഡന്റെയും,ഡീന്‍ കുര്യാക്കോസിന്റെയും മുഖത്തടിച്ചു. ടിഎന്‍ പ്രതാപനെ പോലിസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരന്‍ എംപിയെയും പോലിസ് പിടിച്ചു തള്ളി.

സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പോലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു.കേരളത്തിലെ നാടകത്തിന്റെ തനിയാവര്‍ത്തനമാണ് ഡല്‍ഹിയില്‍ നടന്നതെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.

Tags: