ന്യൂഡല്‍ഹി: ഡല്‍ഹി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തത് കല്‍ക്കാജി ഭൂമിഹിന്‍ കാംപിലെ പ്രതിഷേധത്തിനിടെ. സമരങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണിതെന്ന് അതിഷി പ്രതികരിച്ചു.
കല്‍ക്കാജിയിലേ താമസക്കാര്‍ക്കു നല്‍കിയ കുടിയൊഴിപ്പിക്കല്‍ നോട്ടിസില്‍ പ്രദേശവാസികളെ 'കൈയേറ്റക്കാര്‍' എന്നാണ് മുദ്രകുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ പ്രദേശം ഒഴിയണമെന്നും അല്ലെങ്കില്‍ നടപടി നേരിടണമെന്നും കത്തില്‍ പറയുന്നു. നിരവധി കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന ഈ കാംപില്‍ ഇതിനകം മൂന്ന് തവണ പൊളിച്ചുമാറ്റല്‍ നടപടികള്‍ ഉണ്ടായിട്ടുണ്ട്.
ബിജെപിയുടെ ബുള്‍ഡോസര്‍രാജിനെതിരേ ശക്തമായ പ്രതിഷേധവുമായി ആംആദ്മി രംഗത്തെത്തുകയായിരുന്നു. കല്‍ക്കാജിയിലേ നടപടിയില്‍ തന്റെ നിലപാട് അതിഷി എക്‌സില്‍ പങ്കുവെച്ചിരുന്നു.
''നാളെ, ഭൂമിഹീന്‍ കാംപിന് മുകളിലൂടെ ബിജെപി ബുള്‍ഡോസറുകള്‍ ഓടിക്കാന്‍ പോകുന്നു. ഇന്ന്, അവിടത്തെ ചേരി നിവാസികള്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടിരുന്നു, അതിനാല്‍ ബിജെപി സര്‍ക്കാര്‍ ആയിരക്കണക്കിന് പോലിസിനെയും സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു,'' അതിഷി എക്സില്‍ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രി രേഖ ഗുപ്തയെയും അവര്‍ ചോദ്യം ചെയ്തു, ''രേഖ ഗുപ്ത ജി: ഒരു ചേരിയും പൊളിച്ചുമാറ്റില്ലെന്ന് നിങ്ങള്‍ പറഞ്ഞിരുന്നല്ലോ, അല്ലേ? പിന്നെ എന്തിനാണ് ഇത്രയും വലിയ പോലിസിനെയും സിആര്‍പിഎഫ് സേനയെയും വിന്യസിച്ചിരിക്കുന്നത്?' അതിഷി ചോദിച്ചു.
