നിയന്ത്രണ രേഖയിലെ സംഘര്‍ഷത്തിനിടയില്‍ ഡല്‍ഹി, മീററ്റ് റെയില്‍വേ തുരങ്കനിര്‍മാണക്കരാര്‍ ചൈനീസ് കമ്പനിക്ക്

Update: 2021-01-04 08:47 GMT

ന്യൂഡല്‍ഹി: ചൈനീസ്, ഇന്ത്യ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍  ആര്‍മിയും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ഡല്‍ഹിയിലെ റെയില്‍വേ തുരങ്കനിര്‍മാണക്കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനിക്ക് കൈമാറി. ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്ക് പോകുന്ന ഡല്‍ഹി മീററ്റ് റീജ്യണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ഡല്‍ഹി മീററ്റ്-ആര്‍ആര്‍ടിഎസ്)റൂട്ടില്‍ 5.6 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് ഷാങ്ഹായ് ആസ്ഥാനമായ കമ്പനിക്ക് കൈമാറിയത്.

1.126 കോടിയുടെ തുരങ്കനിര്‍മാണം ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിങ് കമ്പനിയാണ് ഏറ്റെടുത്തിട്ടിളളത്. ടണല്‍ നിര്‍മാണത്തിന് ക്ഷണിച്ച ടെന്‍ഡറില്‍ ഏറ്റവും കുറവ് ഷാങ്ഹായ് കമ്പനിയുടേതായിരുന്നു.

ഡല്‍ഹി ന്യൂ അശോക് നഗര്‍ മുതല്‍ ഷാഹിദാബാദ് വരെയുളള സ്‌ട്രെച്ചിലാണ് തുരങ്കം പീര്‍ത്തിയാക്കുക.

അഞ്ച് കമ്പനികളാണ് ടെന്‍ഡര്‍ നല്‍കിയിരുന്നത്. അതില്‍ ഏറ്റവും കുറവ് തുകയ്ക്ക് പണി തീര്‍ക്കാമെന്ന് രേഖപ്പെടുത്തിയത് ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിങ് കമ്പനിയാണ്.

ഡല്‍ഹി, ഗാസിയാബാദ്, മീററ്റ് റൂട്ടിലെ സെമി ഹൈസ്പീഡ് റെയില്‍കോറിഡോറാണ് ഡല്‍ഹി മീററ്റ്-ആര്‍ആര്‍ടിഎസ്. ഇതിന് ആകെ 82.16 കിലോമീറ്റര്‍ നീളമാണ് ഉള്ളത്. നാഷണല്‍ കാപ്പിറ്റല്‍ റീജ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ് പ്രൊജക്റ്റിന് നേതൃത്വം നല്‍കുന്നത്. ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്ക് 60 മിനിറ്റുകൊണ്ട് എത്തിച്ചേരണമെന്നാണ് കരുതുന്നത്..

Tags: