ന്യൂഡല്‍ഹി: തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് കുത്തേറ്റത്. നീരജ് എന്ന യുവാവാണ് 22 തവണ കുത്തേറ്റ് മരിച്ചത്. നീരജിന്റെ സുഹൃത്തുക്കളായ മുകേഷ്, രാകേഷ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇവര്‍.
ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നീരജിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കോണ്‍ട്രാക്ട് ജീവനക്കാരായ കൃഷ്ണനെയും രവിയേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് പകരം മുകേഷിനും രാകേഷിനും ജോലി നല്‍കി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പോലിസ് പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോകുകയായിരുന്ന മുകേഷിനും രാകേഷിനുമൊപ്പം നീരജും ഉണ്ടായിരുന്നു. ഈ സമയത്ത് കൃഷ്ണനും രവിയും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച നീരജിനെ കൃഷ്ണനും രവിയും ചേര്‍ന്ന് കുത്തുകയായിരുന്നു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തതായി ഡപ്യൂട്ടി കമ്മീഷണര്‍ ഇംഗിത് പ്രതാപ് സിങ് പറഞ്ഞു.