ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

Update: 2023-02-19 03:08 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഡല്‍ഹി സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി സിബിഐ ആസ്ഥാനത്ത് പ്രതിഷേധിക്കും. ഡല്‍ഹി മദ്യനയ അഴിമതിയിലെ സിബിഐ എഫ്‌ഐആറില്‍ ഒന്നാം പ്രതിയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരേ കേസ്.

നേരത്തെ ഒരുതവണ സിബിഐ ചോദ്യം ചെയ്തിരുന്നെങ്കിലും കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിസോദിയയുടെ വീട്ടിലും ഓഫിസിലും സിബിഐ മണിക്കൂറുകള്‍ നീണ്ട പരിശോധനയും നടത്തിയിരുന്നു. നിലവില്‍ ഏഴുപേരാണ് കേസില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ നടന്ന അന്വേഷണങ്ങളില്‍ സിബിഐയ്ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിസോദിയ പരിഹസിച്ചു.

Tags: