ഡല്‍ഹി-കണ്ണൂര്‍ എയര്‍ ഇന്ത്യ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുക: ഡോ. വി ശിവദാസന്‍ എംപി

കണ്ണൂരില്‍ എയര്‍പോര്‍ട്ട് ആരംഭിച്ചത് മുതല്‍ ഡല്‍ഹി - കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കും, വടക്കന്‍ കേരള മേഖലയില്‍ നിന്നും ഡെല്‍ഹിയില്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വളരെയധികം സഹായകരമായിരുന്നു ഈ സര്‍വീസ്.

Update: 2021-10-09 16:42 GMT

കണ്ണൂര്‍: ഡെല്‍ഹി - കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ പ്രതിദിന സര്‍വീസ് പുനരാരംഭിക്കണമെന്ന് ഡോ. വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു. വിഷയത്തില്‍ അനുകൂല നടപടി ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് എംപി കത്തയച്ചു.

വടക്കന്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേയും, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേയും, കര്‍ണാടക സംസ്ഥാനത്തിന്റെ കേരളത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലേയും യാത്രക്കാര്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട വിമാനത്താവളമാണ് കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളം.

കണ്ണൂരില്‍ എയര്‍പോര്‍ട്ട് ആരംഭിച്ചത് മുതല്‍ ഡല്‍ഹി - കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കും, വടക്കന്‍ കേരള മേഖലയില്‍ നിന്നും ഡെല്‍ഹിയില്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വളരെയധികം സഹായകരമായിരുന്നു ഈ സര്‍വീസ്.

ദിവസേന സര്‍വീസ് നടത്തിയിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യ നടത്തുന്നത്. കണ്ണൂര്‍ ജില്ലയുടെയും അതുവഴി സമീപപ്രദേശങ്ങളിലേയും ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളിലെ സാധ്യതകള്‍ വര്‍ധിപ്പിക്കാനും കണ്ണൂരിന്റെ കൈത്തറി കരകൗശല ഉല്‍പ്പാദന വിപണന സാധ്യതകള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണ്. ഇതിനായി കൂടുതല്‍ സര്‍വീസുകള്‍ കണ്ണൂരില്‍ നിന്നും ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും ആരംഭിക്കേണ്ടതുണ്ട്. ഈ ഒരു സാഹചര്യത്തില്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന സര്‍വീസുകള്‍ പോലും വെട്ടിച്ചുരുക്കുന്നത് കേരളത്തിന്റെ ഭാവി വികസന സാധ്യതയെ ഇല്ലാതാക്കുന്നതിന് തുല്യമാണ്.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക വഴി കേരളത്തിലേക്കും കര്‍ണ്ണാടകയുടെ ഭാഗമായുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാന്‍ കണ്ണൂര്‍ വിമാനത്താവളത്തെ തിരഞ്ഞെടുക്കാനും അതുവഴി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും സാധിക്കും. അതിനാല്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇടപെട്ട് അനുകൂലമായ നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്ന് ഡോ.വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

Tags:    

Similar News