എയര്‍ പ്യൂരിഫയറുകള്‍ക്ക് ജിഎസ്ടി ചുമത്തി കേന്ദ്ര സര്‍ക്കാര്‍; വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: എയര്‍ പ്യൂരിഫയറുകള്‍ക്ക് 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ഡല്‍ഹി ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു. ഒരു ദിവസം ശരാശരി 21,000 തവണ ശ്വസിക്കുന്നുണ്ടെന്നും രൂക്ഷമായ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ഇത്തരം നികുതി പൊതുജനാരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണങ്ങളായി പുനര്‍വര്‍ഗ്ഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയും ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേലയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, എയര്‍ പ്യൂരിഫയറുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുന്നതിന്റെ കാരണം എന്താണെന്നും നികുതി ഉടന്‍ കുറയ്ക്കാന്‍ കഴിയാത്തതിന്റെ വിശദീകരണം നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥനയും ബെഞ്ച് തള്ളിക്കളഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ മലിനീകരണത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിന്റെ ന്യായം എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. 'ഈ നഗരത്തിലെ ഓരോ പൗരനും ശുദ്ധവായു ആവശ്യമാണ്. അത് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം പോലും എയര്‍ പ്യൂരിഫയറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ്,' കോടതി നിരീക്ഷിച്ചു. അടിയന്തര സാഹചര്യത്തില്‍ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അമിത നികുതി ഒഴിവാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ ഉടന്‍ തീരുമാനമെടുത്ത് അതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ബെഞ്ച് നിര്‍ദേശം നല്‍കി.
ഡല്‍ഹിയിലെ അതിഗുരുതരമായ വായു മലിനീകരണം ചൂണ്ടിക്കാട്ടി, എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണങ്ങളായി തരംതിരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ കപില്‍ മദന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കേസ്. അടിയന്തര ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എയര്‍ പ്യൂരിഫയറുകളെ ആഡംബര വസ്തുക്കളായി കണക്കാക്കാന്‍ കഴിയില്ലെന്നും, ആരോഗ്യത്തിനും ജീവന്‍ നിലനിറുത്തുന്നതിനും ശുദ്ധവായുവിന്റെ ലഭ്യത അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
എയര്‍ പ്യൂരിഫയറുകളെ ഉയര്‍ന്ന ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് സാമ്പത്തികമായി പ്രാപ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും, ഇത് ഏകപക്ഷീയവും യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ജിഎസ്ടി അഞ്ചു ശതമാനമായി കുറയുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

