വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയുള്ള കോടതി നടപടികള്‍ വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്കും അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി

Update: 2020-06-20 11:56 GMT

ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയുള്ള കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കും വീക്ഷിക്കാനുള്ള അനുമതി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

''അടഞ്ഞ മുറിയില്‍ നടത്തുന്ന വിചാരണകള്‍ ഒഴികെ വീഡിയോ കോണ്‍ഫ്രന്‍ന്‍സിങ് വഴി നടത്തുന്ന തുറന്ന കോടതി നടപടികള്‍ വീക്ഷിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്കും നല്‍കും'' രജിസ്ട്രാര്‍ ജനറലിന്റെ സര്‍ക്കുലറില്‍ പറയുന്നു.

ഇതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളുടെ സാധ്യതയ്ക്കനുസരിച്ചായിരിക്കും ഉത്തരവ് നടപ്പാക്കുക. ആവശ്യമായ ലിങ്ക്, ബാന്റ് വിഡ്ത് എന്നിവയും തയ്യാറാക്കാന്‍ ശ്രമിക്കും.

താല്പര്യമുള്ളവര്‍ ഓരോ കേസിന്റെയും തലേ ദിവസം 9 മണിവരെ ലിങ്ക് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ബന്ധപ്പെട്ട കോടതി ഉദ്യോഗസ്ഥന് മൊബൈല്‍ വഴി അറിയിക്കാം. അത് സാധ്യമായില്ലെങ്കില്‍ രാവിലെ പത്ത് വരെ ലഭിക്കും. കോടതി നടപടി ആരംഭിച്ചാല്‍ ലിങ്ക് ലഭിക്കുകയില്ല. 

Tags: