ഡല്‍ഹി: വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള അടിയന്തിര ധനസഹായം നാളെ നല്‍കിത്തുടങ്ങും

നഷ്ടപരിഹാരം നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും.

Update: 2020-02-28 14:19 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്ക് ഡല്‍ഹിയില്‍ ആക്രമണങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25000 രൂപ വീതം അടിയന്തിര സഹായം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. നഷ്ടപരിഹാരം നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും.

''വീടുകള്‍ കത്തി നശിച്ചവര്‍ക്കും വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയാത്തവര്‍ക്കും താമസസൗകര്യമൊരുക്കും. ബാക്കി നഷ്ടപരിഹാര തുക രണ്ട്- മൂന്ന് ദിവസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ കൂടുതലായ സാഹചര്യത്തില്‍ ചിലരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റും. സംഘര്‍ഷം നടന്ന പ്രദേശങ്ങളില്‍ ഭക്ഷണമെത്തിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. അതിന് സര്‍ക്കാരിതര ഏജന്‍സികളുടെ സഹായം തേടും.''- കെജ്രിവാള്‍ പറഞ്ഞു.

''വടക്ക് കിഴക്ക് ഡല്‍ഹിയിലെ നാല് സബ് ഡിവിഷനുകളെയാണ് സംഘര്‍ഷം ബാധിച്ചത്. സാധാരണ ഗതിയില്‍ ഓരോ ഡിവിഷനിലും ഓരോ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്മാരുണ്ടാവും. അതിനുപുറമെ 18 സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരെ അവിടേക്ക് പുതുതായി നിയോഗിച്ചിട്ടുണ്ട്. അതിനും പുറമെ രാത്രികളില്‍ സബ് ഡിവിഷണല്‍ മജിസ്ട്രറ്റ്മാരെ പ്രത്യേകം നിയോഗിക്കും. അവര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിക്കും.'' -അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ടത് വാടകവീടുകളാണെങ്കില്‍ ഉടമയ്ക്ക് 4 ലക്ഷവും വാടകക്കാരന് 1 ലക്ഷവും ലഭിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും. 

Tags:    

Similar News