സ്‌കൂളുകളില്‍ റീല്‍സ് ചിത്രീകരണത്തിന് വിലക്ക്; അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഡല്‍ഹി സര്‍ക്കാര്‍

Update: 2026-03-29 05:29 GMT

ന്യൂഡല്‍ഹി: സ്‌കൂള്‍ സമയത്ത് റീല്‍സ് വീഡിയോകള്‍ ചീത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. അക്കാദമിക് പ്രവര്‍ത്തനങ്ങളല്ലാതെ മറ്റു പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് പ്രധാനധ്യാപകര്‍ക്ക് സര്‍ക്കുലര്‍ മുഖേന നിര്‍ദേശം നല്‍കി.

വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും ഈ വിലക്കിന്റെ പരിധിയില്‍ വരും. സ്‌കൂള്‍ സമയത്ത് ഇത്തരം വീഡിയോകളുടെ നിര്‍മ്മാണം പഠനാന്തരീക്ഷത്തെയും അച്ചടക്കത്തെയും ബാധിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.

സ്‌കൂള്‍ പരിസരങ്ങളില്‍ റീല്‍സ് വീഡിയോകളുടെ ചിത്രീകരണം വര്‍ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ക്ലാസ് സമയത്ത് ഇത്തരം പ്രവൃത്തികള്‍ കര്‍ശനമായി നിരോധിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, അക്കാദമിക്, സാംസ്‌കാരിക, ബോധവത്കരണ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോ ചിത്രീകരണം അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നടത്താമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.

Tags: