ഡല്‍ഹി: സൈന്യത്തെ വിന്യസിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹിയില്‍ അക്രമബാധിത പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമണ്‍ റൈറ്റ്‌സ് ലീഗല്‍ നെറ്റ്‌വര്‍ക്ക് എന്ന സംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Update: 2020-02-25 10:42 GMT

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ആക്രമണം തുടരുന്നതിനിടയില്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒരു സമാധാനയോഗം വിളിക്കുന്നുണ്ട്. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അക്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടന്ന യോഗത്തില്‍ അക്രമം നിയന്ത്രിക്കുന്നതിന് ഡല്‍ഹി പോലിസിന്റെ മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ അക്രമം നിയന്ത്രിക്കുന്നതിന് ആവശ്യമായ അളവില്‍ പോലിസിനെ വിന്യസിച്ചിട്ടില്ലെന്ന് കെജ്രിവാള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

ഡല്‍ഹിയില്‍ അക്രമബാധിത പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമണ്‍ റൈറ്റ്‌സ് ലീഗല്‍ നെറ്റ്‌വര്‍ക്ക് എന്ന സംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജിയില്‍ ഹൈക്കോടതി അടുത്ത ദിവസം വാദം കേട്ടേക്കും.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ സമരം ചെയ്യുന്നവര്‍ക്ക് എതിരേ നടത്തിയ ആക്രമണത്തില്‍ പത്ത് പേരാണ്‌  കൊല്ലപ്പെട്ടത്. തദ്ദേശീയവാസികളായ 9 സമരക്കാരും പ്രക്ഷോഭത്തിനിടെ കല്ലേറില്‍ ഒരു പോലിസ് ഹെഡ് കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് സമരക്കാര്‍ കൊല്ലപ്പെട്ടത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരേ സമരം ചെയ്യുന്നവരുടെ പേരും മതവുമൊക്കെ ചോദിച്ചാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് തദ്ദേശവാസികളും പരുക്കേറ്റവരുടെ ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നു. മുസ്‌ലിം സമൂഹത്തെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുമ്പോള്‍ പോലിസ് നോക്കി നില്‍ക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് നേരെയും ആക്രമണം ഉണ്ടായെന്നും ഇവര്‍ പറയുന്നു. കൂടാതെ വീടുകള്‍ക്കും കടകള്‍ക്കും തീവെക്കുകയും മുസ്‌ലിം പളളിക്ക് നേരെ പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. 

Similar News