ഡല്‍ഹി വംശഹത്യ: പ്രതിഷേധം മതേതരമായിരുന്നു, കുറ്റപത്രം വര്‍ഗീയവും; ഡല്‍ഹി കോടതിയില്‍ ഉമര്‍ ഖാലിദ്
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യക്കെതിരേ ജനങ്ങള്‍ പ്രതിരോധിച്ചത് മതേതരമായ രീതിയിലായിരുന്നെങ്കിലും അതിനെതിരേ ഡല്‍ഹി പോലിസ് എടുത്ത കേസിന്റെ കുറ്റപത്രം വര്‍ഗീയമായിരുന്നെന്ന് യുഎപിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉമര്‍ ഖാലിദ്. 2020 ഫെബ്രുവരിയില്‍ സിഎഎ, എന്‍ആര്‍സി സമരകാലത്ത് നടത്തിയ പ്രതിരോധത്തിനെതിരേ പോലിസ് എടുത്ത കേസിലാണ് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരേ യുഎപിഎ ചുമത്തിയത്.
ഉമര്‍ ഖാലിദിനുവേണ്ടി ഹാജരായ ത്രിദീപ് പെയ്‌സ് സമരത്തില്‍ യാതൊരുവിധ സംഘര്‍ഷമോ പണ നല്‍കലോ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. യുക്തിപരമായി പരിശോധിച്ചാല്‍ തന്റെ കക്ഷിക്കെതിരേ കേസെടുക്കാവുന്ന യാതൊന്നുമില്ലെന്നും അദ്ദേഹം വാദിച്ചു.
കുറ്റപത്രത്തില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്ന് അദ്ദേഹം കേസ് പരിഗണിച്ച ജഡ്ജി അമിതാഭ് റാവത്തിനോട് ചൂണ്ടിക്കാട്ടി. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗത്വത്തിന്റെ പേരിലാണ് ഉമറിനെതിരേ കേസെടുത്തതെങ്കിലും ആ ഗ്രൂപ്പില്‍ ഉമര്‍ ഖാലിദ് അംഗമല്ലെന്ന വൈരുദ്ധ്യവും അദ്ദേഹം ജഡ്ജിയുടെ ശ്രദ്ധയില്‍ പെടുത്തി. കുനല്‍ ഫാത്തിമയെന്ന ഒരാളാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഗ്രൂപ്പ് ഉണ്ടാക്കിയ കുനല്‍ ഫാത്തിമ പ്രതിയല്ലെങ്കില്‍ അതില്‍ അംഗമല്ലാത്ത ഉമര്‍ എങ്ങനെയാണ് പ്രതിയാവുകയെന്നും അദ്ദേഹം ചോദിച്ചു.
പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഭാവനയില്‍ പടുത്തുയര്‍ത്തിയതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. താന്‍ കുറ്റപത്രമാണ് വാദിച്ചതെന്ന് അഡ്വ. ത്രിദീപ് പറഞ്ഞു.
