ഡല്‍ഹി വംശഹത്യ; മുസ് ലിം പള്ളി കത്തിച്ച കേസില്‍ മൂന്ന് പേര്‍ക്കെതിരേ ഡല്‍ഹി കോടതി കുറ്റം ചുമത്തി

Update: 2022-02-12 14:50 GMT

ന്യൂഡല്‍ഹി; 2020ലെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വംശഹത്യസമയത്ത് ജനാതി മസ്ജിദ് ആക്രമിച്ച് അഗ്നിക്കിരയാക്കിയ കേസില്‍ മൂന്ന് പ്രതികള്‍ക്കെതിരേ കോടതി കുറ്റം ചുമത്തി.

അഡിഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ടാണ് ദീപക്, പ്രിന്‍സ്, ശിവ എന്നിവര്‍ക്കെതിരേ ഐപിസി 147, 148, 380, 427, 436, 149 എന്നിവയനുസരിച്ച കുറ്റം ചുത്തിയത്.

2020 ഫെബ്രുവരി 24 മുതല്‍ 27വരെയുണ്ടായ ഡല്‍ഹി സംഘര്‍ഷ സമയത്തെ ജനങ്ങളുടെ മാനസികാവസ്ഥ പരിണിക്കേണ്ടതുണ്ടെന്നും ആ സമയത്ത് കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷിയായെങ്കിലും അത് പറയാന്‍ മുന്നോട്ട് വരികയെന്നത് അത്യപൂര്‍വമാണെന്നും അതുകൊണ്ടുതന്നെ സാക്ഷികളെ അവിശ്വസിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വൈകലുണ്ടായെന്ന പ്രതിഭാഗത്തിന്റെ ആരോപണം കോടതി തള്ളി. ഇത്തരം സാഹചര്യത്തില്‍ അതുണ്ടാകാമെന്നും സാക്ഷിമൊഴിക്ക് തെളിവുകളുടെ പിന്‍ബലമുണ്ടെന്നും കോടതി പറഞ്ഞു. പിന്നീട് വിചാരണ വേളയിലാണ് അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടേണ്ടത്. ഈ ഘട്ടത്തിലെങ്കിലും സാക്ഷികളെ അവിശ്വസിക്കുന്നത് നീതീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗോകാല്‍പുരി പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവ ദിവസം 1520ഓളം പേരെ ഉള്ളിലടച്ചിട്ട് കലാപകാരികള്‍ പള്ളി കത്തിച്ചെന്നാണ് സാക്ഷിമൊഴി.

എഫ്‌ഐആര്‍ അനുസരിച്ച് അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. പളളിക്കുമുന്നില്‍ 400-500 പേര്‍ ഇരുമ്പുവടി പോലുള്ളള ആയുധങ്ങളുമായി തടിച്ചുകൂടി. അവര്‍ പ്രദേശത്ത് കലാപം അഴിച്ചുവിട്ടു.

എഫ്‌ഐആര്‍ തയ്യാറാക്കിയ പോലിസ് പ്രദേശത്തിന്റെ സ്‌കെച്ച്് തയ്യാറാക്കി. സിസിടിവി ഫൂട്ടേജുകളൊന്നും ലഭിച്ചില്ല.

പിന്നീട് ഒരാള്‍ സംഭവത്തിന്റെ വീഡിയോ പോലിസിനു കൈമാറി. വീഡിയോ കണ്ട ഹെഡ് കോണ്‍സ്റ്റബില്‍ കുറ്റക്കാരെ തിരിച്ചറിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെയും മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ എഫ്‌ഐആറിനൊപ്പം പിന്നീട് ലഭിച്ച സാക്ഷിമൊഴിയും വീഡിയോയും ഉള്‍പ്പെടുത്തി.

മൂന്ന് പേരെ ഷരീം, സാജിദ് എന്നീ രണ്ട് സാക്ഷികളും തിരിച്ചറിഞ്ഞു.

വീഡിയോ ഫൂട്ടേജും കോടതിയില്‍ സമര്‍പ്പിച്ചു.

പ്രതികള്‍ക്കെതിരേ പള്ളി കത്തിച്ചുവെന്ന കേസ് നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.