'ഡല്‍ഹി കുടിയൊഴിപ്പിക്കല്‍': നടപടി പ്രത്യേക മതവിഭാഗത്തെ കേന്ദ്രീകരിച്ചല്ലെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സെന്‍ട്രല്‍ സോണ്‍ ചെയര്‍മാന്‍
ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂഫ്രണ്ട്‌സ് കോളനിയിലെ കുടിയൊഴിപ്പിക്കല്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ കേന്ദ്രീകരിച്ചല്ലെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സെന്‍ട്രല്‍ സോണ്‍ ചെയര്‍മാന്‍ രാജ്പാല്‍ സിങ്.
.'ഒരു മതസമൂഹത്തോട് വിവേചനം കാണിക്കാനാണ് ഞങ്ങള്‍ പൊളിക്കല്‍ നടത്തുന്നതെന്ന് ആളുകള്‍ പറയുന്നു ... അവരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. സ്‌കൂള്‍ ബസുകള്‍ക്കും ആംബുലന്‍സുകള്‍ക്കും അഗ്നിശമന വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകാന്‍ കഴിയണം. പൊതുവഴികള്‍ വേണം. അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചെടുക്കണം''- സിങ് വ്യക്തമാക്കി. റോഡിലെ ചില ബാരിക്കേഡുകള്‍ നീക്കം ചെയ്തതായും ചെയര്‍മാന്‍ പറഞ്ഞു.
ശാഹിന്‍ബാഗില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 'എന്നാല്‍ ഷഹീന്‍ ബാഗില്‍ ഇപ്പോഴും കയ്യേറ്റങ്ങള്‍ ഉണ്ട്. ഞങ്ങള്‍ അവ തിരിച്ചറിഞ്ഞു, അവ ഉടന്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥരുമായി ആലോചിക്കും. വീണ്ടും ബുള്‍ഡോസര്‍ പ്രവര്‍ത്തിപ്പിക്കും. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന നേതാക്കള്‍ക്കെതിരേ ഉചിതമായ നടപടിയെടുക്കും'- അദ്ദേഹം പറഞ്ഞു. പൊളിക്കന്നതിനുള്ള ചെലവ് ഉടമയില്‍നിന്ന് ഈടാക്കുകയാണ് ചെയ്യുക.
ഡല്‍ഹി മംഗോല്‍പുരിയിലെയും ന്യൂ ഫ്രണ്ട്‌സ് കോളനിയിലുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നത്. അനധികൃത നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കുന്നതെന്നാണ് കോര്‍പറേഷന്റെ വാദം. രാജ്യത്ത് നടക്കുന്ന എല്ലാ പൊളിച്ചുനീക്കലിലും ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതിന് പിന്നാലെ പൊളിക്കല്‍ നടപടികള്‍ തുടരാന്‍ സൗത്ത് ഡല്‍ഹി കോര്‍പറേഷന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ശാഹിന്‍ബാഗിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ശ്രമം പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഇതോടെ കോര്‍പറേഷന്‍ നടപടികള്‍ നിര്‍ത്തി മടങ്ങുകയും ചെയ്തിരുന്നു.
ശാഹിന്‍ബാഗിലെ രോഹിന്‍ഗ്യകള്‍, ബംഗ്ലാദേശികള്‍, സാമൂഹിക വിരുദ്ധര്‍ തുടങ്ങിയവര്‍ അനധികൃതമായി കൈയേറിയിട്ടുള്ള സ്ഥലം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത കഴിഞ്ഞ മാസം സൗത്ത് ഡല്‍ഹി മേയര്‍ക്ക് കത്തയച്ചിരുന്നു. ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും സമാനമായ പൊളിക്കല്‍ നടപടികള്‍ നടന്നത്. പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള സുപ്രിംകോടതി ഉത്തരവിനുശേഷവും നടപടികള്‍ തുടര്‍ന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു.

