അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന റിപോര്‍ട്ട്: മാനനഷ്ടക്കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് കോടതി; 'ആദ്യം മാധ്യമങ്ങളെ കേള്‍ക്കട്ടെ'

Update: 2025-11-17 07:44 GMT

ന്യൂഡല്‍ഹി: 41,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന മാധ്യമങ്ങളുടെ റിപോര്‍ട്ടില്‍ അംബാനി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി കോടതി. ആരോപണം റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് കോടതി വിസമ്മതിച്ചത്.

അംബാനിയുടെ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് കേസില്‍ ഉള്‍പ്പെട്ട മാധ്യമ സ്ഥാപനങ്ങളെ കേള്‍ക്കുമെന്ന് കര്‍ക്കാര്‍ഡൂമ കോടതിയിലെ സീനിയര്‍ സിവില്‍ ജഡ്ജി വിവേക് ബെനിവാള്‍ പറഞ്ഞു. കോബ്രാപോസ്റ്റ്, ദി ഇക്കണോമിക് ടൈംസ്, ദി ടൈംസ് ഓഫ് ഇന്ത്യ എന്നിവക്കെതിരേയാണ് അംബാനി കേസ് ഫയല്‍ ചെയ്തത്.

2006 മുതല്‍ ഗ്രൂപ്പ് കമ്പനികളില്‍ നിന്നുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചതിലൂടെ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് 41,921 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഒക്ടോബര്‍ 30നാണ് കോബ്രാപോസ്റ്റ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ദി ഇക്കണോമിക് ടൈംസ് ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിലും ഈ ആരോപണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

Tags: